കേരളത്തിലെ പിള്ളേരുടെ ചൊണ നോക്കിക്കോ; ഫേസ്ബുക്ക് ലൈക്കിൽ ഒന്നാമനാകാനൊരുങ്ങി കേരള പോലീസ്
Thursday, December 27, 2018 3:22 PM IST
ഏറ്റവും കൂടുതൽ ലൈക്കുകളുള്ള ഫേസ്ബുക്ക് പേജ് എന്ന സ്ഥാനം പുതുവർഷത്തിൽ നേടിയെടുക്കുവാൻ ചങ്കുകളുടെ സഹായം അഭ്യർത്ഥിച്ച് കേരള പോലീസ്.
പോലീസിന്റെ ഫേസ്ബുക്ക് പേജുകളിൽ ന്യൂയോർക്ക് പോലീസിനെയും ക്യൂൻസ്ലാൻഡ് പോലീസിനെയും പിന്നിലാക്കി ലൈക്ക് സ്വന്തമാക്കി കുതിക്കുന്ന കേരള പോലീസിന്റെ മുമ്പിലെ വലിയ കടമ്പ നേപ്പാൾ പോലീസിനെയും താഴെയിറക്കുക എന്നതാണ്.
കേരള പോലീസിന് ഒൻപത് ലക്ഷത്തിലധികം ലൈക്കുള്ളപ്പോൾ 13 ലക്ഷത്തിലധികം ലൈക്കാണ് നേപ്പാൾ പോലീസ് സ്വന്തമാക്കിയിട്ടുള്ളത്. ആളുകൾ നൽകുന്ന കമന്റുകൾക്കും സന്ദേശങ്ങൾക്കും രസകരമായ മറുപടികൾ നൽകി കൈയടി നേടുന്ന കേരള പോലീസിന് ഇതും വളരെ നിസാര കാര്യമാണ്.
കേരളം ഒന്നായി നിന്നാൽ നമ്മൾക്ക് ലോകത്തിന്റെ നെറുകയിൽ കയറാം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പോലീസ് പറയുന്നത്.