കേട്ടിരുന്നുപോകും! ജ്യോതിയുടെ ചൂളമടിയിൽ ഗിന്നസും വീണു
Saturday, October 9, 2021 3:10 PM IST
ചൂളമടി എന്നാൽ പുരുഷന്മാരുടെ കുത്തുകയാണെന്നാണ് പലരുടെയും വിചാരം. എന്നാൽ, ആ തെറ്റിദ്ധാരണ അങ്ങു മാറ്റിക്കോ... ദേ ചൂളമടിച്ചു കറങ്ങി റിക്കാർഡുകൾ ഒന്നൊന്നായി തന്റെ പേരിലാക്കിയ ഒരു വീട്ടമ്മ കൊച്ചിയിൽ തല ഉയർത്തി നിൽക്കുന്നു.
ഇതു ജ്യോതി ആർ. കമ്മത്ത്... പരന്പരാഗത സങ്കല്പങ്ങളെ ചൂളമടിച്ചു തോല്പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ് ഈ വീട്ടമ്മ.
റിക്കാർഡുകൾ
ജ്യോതിയുടെ ചൂളമടി(വിസിലിംഗ്)യിൽ കറങ്ങിവീണത് ഒന്നും രണ്ടു റിക്കാർഡുകൾ അല്ല. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സ്, ലിംക വേള്‍ഡ് റിക്കാര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ബസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ്സ് ഇതൊക്കെ ജ്യോതിയുടെ ഷോക്കേസിൽ വിശ്രമിക്കുകയാണിപ്പോൾ. ജ്യോതിയുടെ ചൂളമടി പാട്ടുകൾ ആരും കേട്ടിരുന്നുപോകും. ഒരു ഓടക്കുഴലിൽനിന്ന് ഒഴുകിയെത്തുന്നതുപോലെ മധുര സ്വരത്തിലാണ് ഗാനങ്ങൾ പെയ്തിറങ്ങുന്നത്.
വാരാപ്പുഴയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജ്യോതിയുടെ ജനനം. അച്ഛന് അനന്തവാധ്യാര് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ രത്നാബായി ഹോമിയോ ഡോക്ടറും. കര്‍ക്കശക്കാരനായിരുന്നു അച്ഛൻ.

വിവാഹം വരെ
സ്കൂളും വീടും അമ്പലവുമായിരുന്നു ജ്യോതിയുടെ ലോകം. കുട്ടിക്കാലം മുതല്‍ ചൂളമടിയോടു കമ്പമുണ്ടായിരുന്നങ്കിലും പെണ്‍കുട്ടിയായതുകൊണ്ട് പരസ്യമായി അതു ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല. ആ ആഗ്രഹം മനസില്‍ ഒതുക്കി ജീവിക്കേണ്ടിവന്നു. വിവാഹം വരെ ആ മോഹം മനസില്‍ത്തന്നെ കിടന്നു.
വിവാഹം കഴിഞ്ഞു ഡല്‍ഹിയില്‍ എത്തിയ ജ്യോതി ചൂളമടിക്കുന്നതു കേട്ടു ഭര്‍ത്താവ് രാമചന്ദ്ര കമ്മത്ത് അദ്ഭുതപ്പെട്ടുനിന്നു. ഇതോടെ ജ്യോതിയുടെ ചൂളമടിയെക്കുറിച്ച് അദ്ദേഹം കൂടുതൽ ചോദിച്ചു. അതോടെ മടിക്കാതെ തന്റെ മനസിലെ മോഹം അവൾ തുറന്നുപറഞ്ഞു.
ഭർത്താവ് ഒപ്പം
ഈ രംഗത്തെ ജ്യോതിയുടെ മികവ് തിരിച്ചറിഞ്ഞ അദ്ദേഹം തുറന്ന മനസോടെ പ്രോത്സാഹിപ്പിച്ചു. അതോടെ ജ്യോതിയുടെ ജീവിതം തന്നെ മാറിമറിഞ്ഞെന്നു പറയാം. വെറുമൊരു ചൂളമടിയില്നിന്നു മനോഹരമായ ഗാനങ്ങളായി അവ മാറി. സംഗീതം അഭ്യസിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് താളവും ഈണവും രാഗവുമൊന്നും അണുവിട തെറ്റാതെ ഗാനങ്ങള്‍ ചൂളമടിക്കാന്‍ ജ്യോതിക്കായി.
ഒരു വിനോദം എന്നതിനപ്പുറം വലിയ സദസുകൾക്കു മുന്നില്‍ മനോഹരമായ ഒരു കലയായി ചൂളമടി മാറുകയായിരുന്നു. ചെറിയ ചെറിയ വേദികളില്‍നിന്നു പറന്നുയര്‍ന്ന ചൂളമടിസംഗീതം ലോകം അറിഞ്ഞുതുടങ്ങി.

സംഘടനയിൽ
2013ല്‍ ജ്യോതി ബോംബെയിലെ ഇന്ത്യന്‍ വിസിലേഴ്സ് അസോസിയേഷന് എന്ന സംഘടനയുടെ ഭാഗമായി. സംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ 151 വിസിലടിക്കാരെ ഉള്‍പ്പെടുത്തി 'സാരേ ജഹാംസെ അച്ഛാ, ഹം ഹോങ്കെ കാമ്യാബ്' എന്നീ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. 151 പേരും ഒരേ സ്വരത്തില്‍ ചൂളം വിളിയിലൂടെ ആ ഗാനങ്ങള്‍ അവതരിപ്പിക്കുയായിരുന്നു.
2020 റിപ്പബ്ലിക് ദിനത്തില്‍ വിസിലേഴ്സ് അസോസിയേഷന് പതിനേഴ് നഗരങ്ങളില്‍ 'മിലേ സുര്‍ മേരാ തുമരാ' എന്ന ദേശഭക്തി ഗാനം വിസിലിംഗിലൂടെ അവതരിപ്പിച്ചു. ഇതാകട്ടെ ദൂരദര്ശന് സംപ്രേഷണം നടത്തുകയും ചെയ്തു.
ആയിരം ചൂളമടിക്കാർ
2017 ലാണ് വേള്‍ഡ് ഓഫ് വിസിലേഴ്സ് എന്ന കൂട്ടായ്മ കൊച്ചിയില്‍ രൂപംകൊള്ളുന്നത്. ഇന്ത്യന്‍ വിസിലേഴ്സ് അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ള വിസിലേഴ്സ് കൂടിച്ചേര്‍ന്ന സംഘടന ആരംഭിച്ചത്. ജ്യോതിയാണ് സംഘടനയുടെ രക്ഷാധികാരി.
നൂറുകണക്കിന് അംഗങ്ങള്‍ ഗ്രൂപ്പിലുണ്ട്. ചൂളമടിയില്‍ മാത്രമല്ല ജീവിതയാത്രയില്‍ വീണുപോയവര്‍ക്കു താങ്ങായും ഈ കൂട്ടായ്മ മുന്നിലുണ്ട്. പരിപാടികള്‍ നടത്തി കിട്ടുന്ന തുക പ്രളയസമയത്തു ദുരിതമനുഭവിച്ചവര്‍ക്ക് വേള്‍ഡ് ഓഫ് വിസിലേഴ്സ് നല്‍കിയിരുന്നു.
വിനോദം, കല എന്നതിനൊപ്പം മികച്ച ഒരു വ്യായാമം കൂടിയാണ് ചൂളമടിയെന്നു ജ്യോതി പറയുന്നു. ഹൃദയം സംരക്ഷിക്കാനുള്ള ഏറ്റവും നല്ല ശ്വസന വ്യായാമം. ശ്വാസം പിടിച്ചുവയ്ക്കാനും മറ്റുമുള്ള കഴിവും ഈ ചൂളമടിയിലൂടെ നേടാനാകുമെന്നാണ് ജ്യോതിയുടെ പക്ഷം.
ആയിരം ചൂളമടിക്കാരെ ഒന്നിച്ചുനിര്‍ത്തി ചുളമടിച്ചു ഗിന്നസ് റിക്കാര്‍ഡ് നേടുകയാണ് വേള്‍ഡ് ഓഫ് വിസിലേഴ്സിന്റെ ഇനിയുള്ള ലക്ഷ്യമെന്ന് ജ്യോതി പറയുന്നു. മകന് വിനായകും മകള്‍ വൈശാഖിയും അമ്മയ്ക്കു പിന്തുണയുമായി ഒപ്പമുണ്ട്.
അരുണ്‍ ടോം