ആ പ്രണയം സത്യമായി; ലക്ഷ്മി അമ്മാൾ ഇനി കൊച്ചനിയന് സ്വന്തം
Saturday, December 28, 2019 4:34 PM IST
രണ്ട് പതിറ്റാണ്ട് നീണ്ട് നിന്ന പ്രണയം സത്യമായതിന്റെ സന്തോഷത്തിലാണ് 67 കാരൻ കൊച്ചനിയൻ. 66കാരി ലക്ഷ്മി അമ്മാളിനെയാണ് കൊച്ചനിയൻ വിവാഹം ചെയ്തത്. തൃശൂർ വൃദ്ധസദനത്തിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽ കുമാറും മേയർ അജിത വിജയനും സന്നിഹിതരായിരുന്നു. കൂടാതെ വിവാഹം കാണാൻ നിരവധിയാളുകളും ചടങ്ങിൽ പങ്കെടുത്തു.
ഭർത്താവ് മരിച്ചതിനെ തുടർന്ന് കഴിഞ്ഞ 22 വർഷങ്ങളായി ഒറ്റയ്ക്കാണ് ലക്ഷ്മി അമ്മാളിന്റെ താമസം. ഭാര്യ മരണമടഞ്ഞതോടെ കൊച്ചനിയനും ഒറ്റയ്ക്കായിരുന്നു. ലക്ഷ്മി അമ്മാളിന്റെ ഭർത്താവിന്റെ സുഹൃത്താണ് കൊച്ചനിയൻ.
പരസ്പരം മനസിലാക്കി ഒന്നിച്ച് ജീവിക്കാമെന്ന് പണ്ടേ കൊച്ചനിയൻ ലക്ഷ്മി അമ്മാളിനോട് പറഞ്ഞിരുന്നുവെങ്കിലും ഇവർക്ക് സമ്മതമല്ലായിരുന്നു. ഒന്നരവർഷം മുൻപാണ് ലക്ഷ്മി അമ്മാളിനെ തൃശൂർ വൃദ്ധസദനത്തിൽ കൊണ്ടുവന്നത്. കുറച്ചു നാളുകൾക്ക് ശേഷം കൊച്ചനിയനും ഇവിടെയെത്തി.
ഇവിടെ വച്ച് വീണ്ടും മൊട്ടിട്ട സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. വൃദ്ധസദനത്തിലെ അധികൃതരുടെ നേതൃത്വത്തിലാണ് വിവാഹം നടന്നത്. ഇരുവരും സന്തോഷത്തോടെ പുതിയ ജീവിതം ആരംഭിക്കട്ടെ എന്ന് ആശംസിച്ചാണ് വിവാഹത്തിനെത്തിയവർ മടങ്ങിയത്.