വെറുതെ നിന്ന സിംഹത്തെ തോണ്ടിവിളിച്ചു; പിന്നെ സംഭവിച്ചത്...
Wednesday, October 7, 2020 5:01 PM IST
സന്ദർശകരുടെ മുന്നിൽ ആളാകാൻ ശ്രമിച്ചതാണ് മൃഗശാല ജീവനക്കാരനായ അബ്ദുല്ലയേ വേഡ്. പക്ഷെ കിട്ടിയത് എട്ടിന്റെ പണിയാണ്.
സെനഗലിലെ പാർക്ക് ഹാൻ മൃഗശാലയിലാണ് സംഭവം. കൂട്ടിലായിരുന്ന സിംഹത്തെ സന്ദർശകരുടെ മുന്നിൽ വച്ച് താലോലിക്കുകയായിരുന്നുഅബ്ദുല്ലയേ. ഇതിനിടെ ജീവനക്കാരന്റെ കൈ കൂടിനുള്ളിൽ കുടുങ്ങുകയും സിംഹം അയാളുടെ കൈ കടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
സിംഹത്തിന്റെ വായിലകപ്പെട്ട തന്റെ കൈ പുറത്തെടുക്കാനായി ജീവനക്കാരൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സന്ദർശകർ പകർത്തിയ വീഡിയോയിൽ കാണാം. ചുറ്റും കൂടി നിന്നവർ സിംഹത്തിൽ നിന്നു ജീവനക്കാരനെ രക്ഷിക്കാനായി കൂട്ടിലേക്ക് കല്ലുകളും മറ്റും എറിയുന്നതും വീഡിയോയിൽ കാണാം.
സിംഹത്തിന്റെ വായ്ക്കുള്ളിൽ കൈകുടുങ്ങി വേദനകൊണ്ട് പുളയുന്നതിനിടെ ജീവനക്കാരൻ തന്റെ ഇടത്തേ കൈകൊണ്ട് സിംഹത്തിന്റെ തലയിൽ ഇടിക്കുന്നതുമുണ്ട്.
ഒടുവിൽ സിംഹം കടിവിടുന്നതോടെയാണ് ജീവനക്കാരാൻ രക്ഷപ്പെടുന്നത്. ജീവനക്കാരന്റെ കൈ അറ്റുപോയില്ലെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്. ജീവനക്കാരന് കിട്ടേണ്ടത് കിട്ടിയെന്നാണ് ആളുകളുടെ കമന്റുകളിൽ അധികവും.