കുത്തിവരയല്ല, ചിത്രംവര..! രണ്ടു വയസുകാരിയുടെ ചിത്രരചനകൾക്ക് വില ഒരു ലക്ഷം വരെ
Saturday, April 6, 2019 2:12 PM IST
ആദ്യാക്ഷരങ്ങൾ കുറിക്കാൻ പ്രായമാകുംമുന്പേ പെയിന്റിംഗ് ബ്രഷുകൾ കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് ലോല ജൂണ്‍ എന്ന രണ്ടു വയസുകാരി. കഴിഞ്ഞ ആഴ്ച ന്യൂയോർക്കിൽ സമാപിച്ച ചിത്രപ്രദർശനത്തിൽ ലോലയുടെ ചിത്രങ്ങൾ വിറ്റുപോയത് പതിനായിരക്കണക്കിന് രൂപയ്ക്കാണ്.
ഇതിൽ ഒരു ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിച്ചു. കുഞ്ഞു പിക്കാസോ എന്ന ഓമനപ്പേരു ലഭിച്ച ഈ കൊച്ചു മിടുക്കിയുടെ 40 ചിത്രങ്ങളാണ് പ്രദർശനത്തിന് വച്ചത്. ഇതിൽ 34 എണ്ണവും ദിവസങ്ങൾക്കുള്ളിൽ വിറ്റുപോയി.
ഒരു വയസു തികയും മുന്‍പേ ചായങ്ങളോട് കൂട്ടുകൂടിയ ആളാണ് ലോല. പടം വരയ്ക്കാൻ ഒരു പേപ്പറും ബ്രഷും കുറച്ച് ചായങ്ങളും കൊടുത്താൽപ്പിന്നെ ലോലയ്ക്ക് മറ്റൊന്നും വേണ്ടെന്ന് അവളുടെ അമ്മ ജവിയർ പറയുന്നു.
ജവിയറിന്റെ കൂട്ടുകാരിയാണ് ലോലയുടെ ചിത്രകലാ പാഠവം ആദ്യം തിരിച്ചറിഞ്ഞത്. കുഞ്ഞുലോല വരച്ച ചിത്രങ്ങൾ അവർ ന്യൂയോർക്ക് നഗരത്തിലുള്ള ഒരു ഗാലറി ഉടമയെ കാണിച്ചു. ചിത്രങ്ങൾ ഇഷ്ടപ്പെട്ട ഗ്യാലറി ഉടമ ഒരു പ്രദർശനം നടത്താനുള്ള അവസരം നൽകുകയായിരുന്നു. പ്രതീക്ഷ എന്നായിരുന്നു ലോലയുടെ ചിത്രപ്രദർശനത്തിന് നൽകിയ പേര്.
വ്യക്തമായ രൂപങ്ങളൊന്നുമല്ല ലോല വരയ്ക്കുന്നത്. തന്റെ കുഞ്ഞുകൈകളിൽ ബ്രഷ് എടുത്ത് തനിക്ക് ഇഷ്ടമുള്ള നിറങ്ങളെല്ലാം കൂട്ടിക്കലർത്തുന്ന ഒരു കലാസൃഷ്ടി. അതാണ് ലോലയുടെ ചിത്രങ്ങൾ.