പ്രണയം അനശ്വരമാണെന്ന് പറയാറുണ്ടെങ്കിലും അതിന്‍റെ സ്മാരകമായി പ്രിയതമയുടെ മൃതശരീരം സൂക്ഷിക്കുക എന്നത് അത്യപൂർവമായ ഒന്നാണ്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലുള്ള ചാൺ ജാൻവാട്ച്ചാക്കൽ എന്ന 72 കാരനാണ് ഭാര്യയുടെ മൃതശരീരം 21 വർഷം വീട്ടിൽ സൂക്ഷിച്ചത്.

തന്‍റെ ഒറ്റമുറിവീട്ടിൽ ഒരു ശവപ്പെട്ടിയിലാണ് രണ്ട് ദശാബ്ദത്തിലധികം ഭാര്യയുടെ മൃതദേഹം മറ്റാരുമറിയാതെ ചാണ്‍ സൂക്ഷിച്ചുവച്ചത്. ഒടുവിൽ കഴിഞ്ഞ ഏപ്രിൽ 21നാണ് ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷന്‍റെ സഹായത്തോടെ ഭാര്യയുടെ ശവസംസ്കാരം ചാണ്‍ നടത്തിയത്.

തന്‍റെ മരണശേഷം ഭാര്യയ്ക്ക് ഉചിതമായ സംസ്കാരം ലഭിക്കാനിടയില്ല എന്ന ചിന്തമൂലം ചാണ്‍ ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. മൃതശരീരം പുറത്തേക്കുകൊണ്ടു പോകുന്പോൾ വൈകാതെ താനും വരുമെന്ന് വിലപിച്ചുകൊണ്ട് മിഴിനീരോടെ അതിനകന്പടി സേവിക്കുന്ന ചാണിന്‍റെ വീഡിയോ ഹൃദയസ്പർശിയാണ്.


രണ്ട് ആണ്‍ മക്കളുണ്ടായിരുന്നെങ്കിലും അവരിൽ നിന്നകന്ന് ഒരു ഒറ്റമുറി വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു ചാണ്‍. സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും ഭാര്യയുടെ മരണം ചാണ്‍ ജാൻവാട്ച്ചക്കൽ മുൻപുതന്നെ രജിസ്റ്റർ ചെയ്തതു നിമിത്തം കേസെടുക്കേണ്ടെന്നാണ് ബാങ്കോക്ക് പോലീസിന്‍റെ തീരുമാനം.