അമേരിക്കയില്‍ ഒരു കുരങ്ങന്‍ ഫോണില്‍ 911 വിളിച്ചപ്പോള്‍ സംഭവിച്ചത്
Friday, August 19, 2022 10:08 AM IST
നമ്മുടെ നാട്ടില്‍ എന്തെങ്കിലും അത്യാവശ സാഹചര്യങ്ങളില്‍ ആളുകള്‍ 100ലൊ 112ലൊ ഒക്കെ പോലസിനെ സഹായത്തിന് വിളിക്കാറുണ്ടല്ലൊ. അല്ലെങ്കില്‍ അഗ്നിശമന സേനയെയോ ആംബുലന്‍സിനെയൊ ഇത്തരത്തില്‍ വിളിക്കാറുണ്ട്. സമാനമായ രീതിയില്‍ അമേരിക്കയിൽ ആളുകള്‍ സഹായത്തിനായി വിളിക്കാറുള്ളത് 911 എന്ന നമ്പരിലാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ ലൂയിസ് ഒബിസ്പൊ കൗണ്ടിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് അത്തരത്തിലൊരു ഫോണ്‍ വിളി എത്തി. എന്നാല്‍ അവര്‍ ഫോണെടുത്തപ്പോഴേക്കും മറുഭാഗത്ത് നിന്ന് മറുപടിയില്ലാതെ ഫോണ്‍ വിച്ഛേദിക്കപ്പെട്ടു.

പോലീസുകാര്‍ ഉടന്‍തന്നെ തിരികെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തേക്ക് അവര്‍ പാഞ്ഞെത്തി. എന്നാല്‍ പോലീസുകാരെ വിളിച്ചയിടം ഒരു മൃഗശാലയായിരുന്നു.

അവിടുള്ള ജീവനക്കാര്‍ ആരും തന്നെ അങ്ങനൊരു ഫോണ്‍ ചെയ്തിരുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഫോണ്‍ ചെയ്ത വിരുതനെ അവര്‍ തിരിച്ചറിഞ്ഞത്. മൃഗശാലയിലുള്ള ഒരു കുട്ടിക്കുരങ്ങനാണ് പണി പറ്റിച്ചത്.

റൂട്ട് എന്ന് പേരുള്ള ഈ വികൃതി മനുഷ്യര്‍ ചെയ്യാറുള്ളതുപോലെ ഫോണ്‍ ഡയല്‍ ചെയ്തതായിരുന്നു. ഏതായാലും ആപത്തൊന്നും ഇല്ലാഞ്ഞതിന്‍റെ ആശ്വാസത്തില്‍ പോലീസുദ്യോഗസ്ഥര്‍ തിരികെ പോയി. എന്നാല്‍ ഒരു ഫോണ്‍ ചെയ്തതിലൂടെ കൊച്ച് റൂട്ട് വാര്‍ത്തതാരമായി മാറിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.