തലയില്ലാത്ത അജ്ഞാത ജീവിയെക്കണ്ട് നാട്ടുകാർ ഞെട്ടി; കാര്യമറിഞ്ഞപ്പോൾ ചിരിപൊട്ടി
Wednesday, April 21, 2021 3:48 PM IST
പോളണ്ടിലെ ക്രാക്കോവിലുള്ള റസിഡന്റ് ഏരിയയിൽ രാവിലെ എഴുന്നേറ്റ് പുറത്തേക്ക് നോക്കിയ ആളുകൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. വീടിനു പുറത്തുള്ള മരത്തിൽ ഏതോ അജ്ഞാത ജീവി തൂങ്ങിക്കിടക്കുന്നു. അവരാരും ഇതുവരെ കണ്ടിട്ടില്ലാത്ത, ബ്രൗൺ നിറമുള്ള, തലയില്ലാത്ത ജീവി.
ജനലുകൾ തുറന്നാൽ അത് വീടിനുള്ളിൽ കടന്ന് തങ്ങളെ ആക്രമിച്ചേക്കുമെന്ന ഭീതിയിൽ ആരും ജനലോ വാതിലോ തുറന്നില്ല, പുറത്തിറങ്ങിയതുമില്ല. കൂട്ടത്തിലൊരാൾ ഉടനെ തന്നെ മൃഗക്ഷേമവകുപ്പിൽ വിളിച്ച് തലയില്ലാത്ത അജ്ഞാത ജീവി വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങിക്കിടക്കുന്നു എന്നും, ഓന്തു വർഗത്തിൽപ്പെട്ട വലിപ്പമുള്ള ജീവിയായ ഇഗ്വാനയാണോ എന്ന് സംശയിക്കുന്നതായും അറിയിച്ചു.
ഉരഗങ്ങളായിരിക്കാമെന്ന സംശയം വകുപ്പ് ആദ്യമേ തള്ളി. കാരണം പുറത്തിറങ്ങിയാൽ അവയ്ക്ക് അതിജീവിക്കാനാകാത്തത്ര തണുപ്പാണ് പോളണ്ടിൽ. അജ്ഞാതജീവിയാകാം എന്ന സംശയം അങ്ങനെ വീണ്ടും ബലപ്പെട്ടു. നഷ്ടപ്പെട്ടതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ വളർത്തുമൃഗമാകാം എന്നും അവർ സംശയിച്ചു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു പൂച്ചയെക്കുറിച്ച് അവർക്ക് റിപ്പോർട്ട് കിട്ടിയതേ ഉണ്ടായിരുന്നുള്ളൂ. ഏതായാലും സ്ഥലം സന്ദർശിക്കാൻ തന്നെ അവർ തീരുമാനിച്ചു. സ്ഥലത്തെത്തിയ അവർക്ക് ചിരിയടക്കാനായില്ല. കാരണം ബ്രൗൺ നിറത്തിലുള്ള അജ്ഞാത ജീവി എന്ന് ആളുകൾ കരുതിയത് മരത്തിലുടക്കിക്കിടന്ന ക്രോയിസന്റ് ബ്രഡുകളെയായിരുന്നു.

പോളണ്ടുകാർ പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്ന ബ്രഡുകളാണവ. തണുപ്പുകാലത്ത് അലഞ്ഞു തിരിയുന്ന ജീവികൾക്ക് ഭക്ഷണമായിക്കോട്ടെ എന്നു കരുതി ആരോ പുറത്തേക്കെറിഞ്ഞ ബ്രഡുകൾ മരത്തിലുടക്കിയതായിരിക്കാമെന്ന് പ്രദേശം സന്ദർശിച്ചവർ പറഞ്ഞു. പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് പ്രദേശവാസികളെ ആശ്വസിപ്പിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.