"ഹംബോൾഷിയ പൊന്മുടിയാന': വൃക്ഷങ്ങളുടെ കൂട്ടത്തിലേക്ക് ഒരു "പൊന്മുടി വേർഷൻ'
Friday, October 14, 2022 1:00 PM IST
സസ്യലോകത്തേക്ക് പുതിയൊരു വൃക്ഷത്തെക്കൂടി കണ്ടെത്തി പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. സസ്യ സംരക്ഷണ ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഹിൽ സ്റ്റേഷനായ പൊന്മുടിയിലെ നിത്യഹരിത വനങ്ങളിൽ നടത്തിയ സർവേയിലാണ് "ഹംബോൾഷിയ' ജനുസിൽപ്പെടുന്ന പുതിയ സസ്യത്തെ കണ്ടെത്തിയത്. ഈ ജനുസിൽപ്പെട്ട സസ്യങ്ങളെ കാട്ട് അശോകങ്ങൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.
ഫേബസിയെ സസ്യ കുടുംബത്തിൽപ്പെട്ട പുതിയ സസ്യത്തിന് "ഹംബോൾഷിയ പൊന്മുടിയാന' എന്നാണ് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. കറുത്ത പുറംചട്ടയുള്ള തടിയും, ഇടതൂർന്ന ഇലച്ചാർത്തും, ശാഖാഗ്രത്ത് തൂക്കിയിട്ട തൂവാലകൾ പോലെ കാണുന്ന രോമാവൃതവും മനോഹരവുമായ തളിരിലകളും, പൂങ്കുലകളായി കാണുന്ന തൂവെള്ള നിറത്തിലുള്ള പൂക്കളും വൃക്ഷത്തിന്റെ സവിശേഷതകളാണ്.
സമുദ്രനിരപ്പിൽ നിന്നും 700 മുതൽ 800 മീറ്ററിന് ഇടയിലുള്ള വനപ്രദേശങ്ങളിലാണ് ഈ ഇടത്തരം വൃക്ഷം കാണപ്പെടുന്നത്. പൊന്മുടിയിലും സമീപമുള്ള വനഭാഗങ്ങളിലും ഗവേഷകർ നടത്തിയ സർവേ പ്രകാരം നിലവിൽ 50 താഴെ ചെടികൾ മാത്രമേ കണ്ടെത്താനായുള്ളൂ.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്ന ഏജൻസി നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡം അനുസരിച്ച് പുതിയ സസ്യത്തെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ഹംബോൾഷിയ എന്ന സസ്യജനുസ് ദക്ഷിണസഹ്യാദ്രി മലനിരകളിൽ മാത്രം കാണപ്പെടുന്ന ഒന്നാണ്. ഇവയിൽ ആറ് സ്പീഷിസുകളും രണ്ടു വകഭേദങ്ങളും മലനിരകളിൽ കാണുമ്പോൾ, ഒരു സ്പീഷീസ് ശ്രീലങ്കയിൽ മാത്രമായി കാണുന്നു.
പുതിയ സസ്യം ഉൾപ്പെടെ ഈ ജനുസിൽപ്പെട്ടവയെല്ലാം അലങ്കാര പ്രാധാന്യമുള്ളവയാണ്. വിവിധ വർണങ്ങളുള്ള മനോഹരമായ പൂക്കളാണ് ഇവയുടെ പ്രത്യേകത. പലതരത്തിലുള്ള വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ ആവാസമേഖല നിത്യഹരിത വനങ്ങളും പുഴയോര വനങ്ങളുമാണ് . ഇത്തരം വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ ഗവേഷണ സംരക്ഷണ പ്രവർത്തനങ്ങളിൽ ബോട്ടാണിക്കൽ ഗാർഡൻ ശക്തമായ ചുവടുവെപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ന്യൂസിലൻഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "ഫൈറ്റോടാക്സ' എന്ന ഓൺലൈൻ ജേണലിൽ പുതിയ കണ്ടെത്തൽ സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൊട്ടാണിക്കൽ ഗാർഡനിലെ ഗാർഡൻ മാനേജ്മെന്റ് വിഭാഗം തലവനായ ഡോ. ആർ. രാജ് വിക്രമൻ, സീനിയർ ടെക്നിക്കൽ ഓഫീസർമാരായ ഡോ. ഇ.എസ്. സന്തോഷ് കുമാർ, എസ്.എം. ഷെരീഫ് എന്നിവരാണ് ഈ കണ്ടെത്തൽ നടത്തിയത്.