അടിച്ചു പൂസായ ചിത്രങ്ങളുണ്ടോ..? മികച്ച "മോശം' ചിത്രങ്ങൾക്ക് സമ്മാനം നല്കി ഒരു കമ്പനി
Monday, January 25, 2021 1:28 PM IST
കുടിച്ചു പൂസായാൽ പിന്നെ ചെയ്യുന്നതൊക്കെ ബോധം തിരിച്ചു കിട്ടിയാലും പലർക്കും ഓർമ കാണില്ല. വലിയ മാന്യന്മാരായി പെരുമാറുന്ന പലരും മദ്യപിച്ച ലക്കുകെട്ട ശേഷം കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ അവർക്കുതന്നെ കാണിച്ചു കൊടുത്താലോ അവർ പോലും വിശ്വസിക്കില്ലയെന്നതാണ് സത്യം.
പക്ഷേ, മദ്യപിക്കാത്തവർക്കു പലപ്പോഴും ഇതു ചിരിക്കാനുള്ള വകയാണ്. ഈ കോലം കെട്ടലുകൾ ഫോട്ടോയെടുത്തു പ്രദർശിപ്പിക്കുകകൂടി ചെയ്താലോ നാണക്കേട് പറയാനുണ്ടോ? അത്തരത്തിലൊരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുകയും അതിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് ബ്രിട്ടനിൽ.
ഇങ്ങനെ മോശമായി പെരുമാറുന്നർക്കു വേണ്ടി നടത്തുന്ന മത്സരങ്ങളുണ്ടന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി കഴിയുന്നില്ലേ. മദ്യപാനത്തിനെതിരേയുള്ള സന്ദേശമായിട്ടാണ് ഈ മത്സരം. മദ്യപാനം മൂലം ശരീരത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനുള്ള സപ്ലിമെന്റ് ഫുഡിനു രൂപം കൊടുത്തിരിക്കുന്ന ബ്രിട്ടനിലെ സർവൈവർ ലൈഫ് എന്ന കന്പനി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത്.
ഹാംഗോവർ ഗെയിമുകൾ എന്നറിയപ്പെടുന്ന മത്സരത്തിലേക്കു മദ്യപാനികളുടെ ഏറ്റവും മോശം നിമിഷങ്ങളാണ് ചിത്രങ്ങളായി അയച്ചുകൊടുക്കേണ്ടത്. അതിൽ ’ഏറ്റവും മോശം’ ചിത്രത്തിനാണ് സമ്മാനം. കുടിച്ചു ലക്കു കെട്ട രാത്രികൾക്കു ശേഷമുള്ള പ്രഭാതത്തിലെടുത്ത ഫോട്ടോകളാണ് മത്സരത്തിനു പരിഗണിക്കുന്നത്.
2000ൽ ഏറെ ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചത്. വിജയികൾക്കു കന്പനിയുടെ ഉത്പന്നങ്ങളാണു സമ്മാനങ്ങൾ. വളരെ രസകരവും കൗതുകകരവുമായ നിരവധി ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചതെന്നു സർവൈവറിന്റെ സിഇഒ ലോറൻസ് കാഡ് വെൽ പറയുന്നു.