ലോക്ക്ഡൗണിൽ വീട്ടിൽ ഒറ്റയ്ക്കായ വയോധികന് കൈത്താങ്ങായി എസ്ഐ; നന്ദി പറഞ്ഞു മകളുടെ സന്ദേശം
Monday, March 30, 2020 5:43 PM IST
ലോക്ക് ഡൗണ്‍ ദിനങ്ങളിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ പിതാവിനു അടിയന്തരമായി സഹായം എത്തിച്ച കിടങ്ങൂർ എസ്ഐ ആന്റണി ജോസഫ് നെറ്റോയ്ക്കും കേരള പോലീസിനും നന്ദി അറിയിച്ചു മകൾ സംസ്ഥാന പോലീസ് മേധാവിക്കു ഇ -മെയിൽ അയച്ചു.
കട്ടച്ചിറ ഒരിക്കാല ഒ.സി. ദേവസ്യ (80) വീട്ടിൽ ഒറ്റയ്ക്കാണു താമസിക്കുന്നത്. ഇദ്ദേഹത്തിനു ഭക്ഷണവും മറ്റും തയാറാക്കി നല്‍കുന്നതിനായി ഒരു ജോലിക്കാരി വീട്ടിൽ എത്തിയിരുന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ നാലു ദിവസമായി ജോലിക്കാരിയ്ക്ക് ദേവസ്യയുടെ വീട്ടിലേക്കു പോകാൻ സാധിക്കാതായി. ഇതോടെ ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഇയാൾ ബുദ്ധിമുട്ടി.
സംഭവമറിഞ്ഞ ദേവസ്യയുടെ മൈസൂരിലുള്ള മകൾ ഡോ. ജീന ദേവസ്യ കേരള പോലീസിന്റെ വെബ്സൈറ്റിൽനിന്നും നന്പർ എടുത്ത് കിടങ്ങൂർ എസ്ഐ ആന്റണി ജോസഫ് നെറ്റോയെ വിളിച്ചു. സംഭവമറിഞ്ഞ എസ്ഐ ഉടൻ തന്നെ ജോലിക്കാരിയോട് ദേവസ്യയുടെ വീട്ടിലേക്കു പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഒന്നിടവിട്ട ദിവസങ്ങിൽ ജോലിയ്ക്കു ദേവസ്യയുടെ വീട്ടിലേക്ക് പോകാൻ പാസ് നല്‍കുകയും ചെയ്തു. എസ് ഐ ആന്റണി ജോസഫ് നെറ്റോയ്ക്കും നന്ദി പറഞ്ഞും സഹായം ഒരിക്കലും മറക്കില്ലെന്നു പറഞ്ഞുമാണ് ഇ -മെയിൽ അവസാനിപ്പിക്കുന്നത്.