റെസ്യൂമെ, പഴയ റെസ്യൂമെ അല്ല! ആപ്പിലാക്കി മലയാളി സംരംഭകന്
Monday, November 22, 2021 12:33 PM IST
കൊച്ചി: തൊഴിൽ അന്വേഷകര്‍ തങ്ങളുടെ ബയോഡാറ്റ ഡിടിപി ചെയ്തു പ്രിന്റെടുത്തു സൂക്ഷിക്കുകയും ഇന്റര്‍വ്യൂ ഹാളിലേക്കു ഫയലിലാക്കി കൊണ്ടുപോകുകയും ചെയ്യുന്ന കാലം ഇനി മറന്നേക്കൂ. പ്രിന്റൗട്ട് റെസ്യൂമെയ്ക്കു പകരം ഉദ്യോഗാര്‍ഥിയുടെ പ്രൊഫൈല്‍ വീഡിയോകള്‍ ഇനി ഇന്റര്‍വ്യൂ ഹാളിലെ സ്ക്രീനില്‍ തെളിയും.
ലോകമെമ്പാടും റെസ്യൂമെ തയാറാക്കുന്നവര്ക്കിടയില് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിനു പിന്നില്‍ മലയാളി ഐടി എന്‍ജിനീയറുണ്ട്. ജോലി തേടുന്നവരുടെ വിവരണങ്ങള്‍ നല്കുന്ന ഹ്രസ്വ വീഡിയോകള്‍ ഉള്‍പ്പെട്ട 'ഷോ റീല്‍' എന്ന വീഡിയോ പ്ലാറ്റ്ഫോം വികസിപ്പിച്ചതു മൂവാറ്റുപുഴ സ്വദേശി അജി ഏബ്രഹാം.
റീല്‍സ്, ടിക്ക് ടോക്ക് മാതൃകയിലാണു തൊഴില്‍ അന്വേഷകര്‍ക്കായി വീഡിയോ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത്. ജോലിക്കായുള്ള അഭിമുഖത്തിന് ആവശ്യമായ സവിശേഷ ചോദ്യങ്ങള്‍ ആപ്പിലുണ്ട്. മറുപടികള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആപ്പിലൂടെ നല്‍കാം. ഈ മറുപടികള്‍ മനോഹരമായി കോര്‍ത്തിണക്കിയുള്ള ഷോ റീലിന്റെ ഹ്രസ്വ വീഡിയോ ഉദ്യോഗാര്‍ഥിക്കു കിട്ടും.
വന്‍തോതില്‍ നിയമനം നടത്തുന്ന കമ്പനികള്‍ക്ക് റിക്രൂട്ട്മെന്റ് എളുപ്പമാക്കാന്‍ ഈ വീഡിയോകള്‍ സഹായകമാകുമെന്നു അജി ഏബ്രഹാം പറയുന്നു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയില്‍ ഷോ റീല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.
തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നു ബിരുദം നേടിയ അജി ഏബ്രഹാം അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഎസും, എംബിഎയും പൂര്‍ത്തിയാക്കിത്.
ഇപ്പോള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനി നടത്തുന്നു. ഇദ്ദേഹത്തിന്റെ 280 അംഗ ടീമിലെ കോര്‍ എന്‍ജിനീയര്‍മാര്‍ ഷോ റീലിന്റെ ടെക്നിക്കല്‍ അംഗങ്ങളാണ്.
സിജോ പൈനാടത്ത്