ദേ കിടക്കുന്നു നിങ്ങളുടെ പന്ത്..! മാധ്യമപ്രവർത്തകനെ ട്രോളി രോഹിത്
Monday, July 1, 2019 3:46 PM IST
റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയതു സംബന്ധിച്ചു ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകനെ ട്രോളി ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകൻ രോഹിത് ശർമ. ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനോടു തോറ്റശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പന്തിനെ സംബന്ധിച്ച ചോദ്യത്തിന് രോഹിത് രസകരമായ മറുപടി നൽകിയത്.
ലോകകപ്പിൽ കളിച്ചുവരുന്ന ഹാർദിക് പാണ്ഡ്യ ടീമിലുള്ളപ്പോൾ ഒരു മത്സരം പോലും കളിക്കാത്ത പന്തിനെ എന്തുകൊണ്ടു നാലാം നന്പരിൽ ഇറക്കി എന്നതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
"നിങ്ങളുടെ ആവശ്യമായിരുന്നല്ലോ പന്ത് കളിക്കുക എന്നത്. ടീം ഇന്ത്യയിൽനിന്നു പുറപ്പെട്ടപ്പോൾ മുതൽ റിഷഭ് പന്ത് എവിടെ? റിഷഭ് പന്ത് എവിടെ? എന്ന് നിങ്ങൾ ചോദിച്ചു. പന്ത് ഇതാ ഇവിടെ, നാലാം നന്പരിൽ കളിക്കുന്നു’ എന്നായിരുന്നു രോഹിതിന്റെ മറുപടി.
ഇതിനുശേഷം ചോദ്യത്തിനു ശരിയായ മറുപടിയും രോഹിത് നൽകി. പന്തിനെപോല ഒരു പുതിയ കളിക്കാരന് പിച്ചിന്റെ സ്വഭാവം മനസിലാക്കാൻ കുറച്ച് സമയം ആവശ്യമായിരുന്നു. അദ്ദേഹത്തിന് എന്തു ചെയ്യാൻ കഴിയുമെന്ന് നമുക്കറിയാം. പക്ഷേ, ആദ്യ മത്സരം കളിക്കുന്ന ഒരാളിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതു ശരിയല്ലെന്നും രോഹിത് പറഞ്ഞു.
ഇംഗ്ലണ്ടിനോട് 31 റണ്‍സിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർക്കൊഴികെ മറ്റാർക്കും 338 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്കു കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. നാലാം നന്പറിൽ ഇറങ്ങിയ പന്ത് 32 റണ്‍സ് നേടി പുറത്തായി.