പ്രായം രണ്ടായിരത്തിലേറെ; അമേരിക്കയിലെ മരമുത്തശിമാരുടെ പാർക്ക്
Wednesday, May 15, 2019 10:42 AM IST
രണ്ടായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള വൃക്ഷങ്ങൾ തിങ്ങിനിൽക്കുന്ന ഒരു പാർക്ക്. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള നേച്ചർ കണ്സർവേൻസി പാർക്കിലാണ് ഈ അപൂർവ കാഴ്ചയുള്ളത്. ഇവിടത്തെ ബ്ലാക്ക് റിവറിന്റെ പരിസരങ്ങളിലാണ് ഈ മരമുത്തശിമാർ തല ഉയർത്തി നിൽക്കുന്നത്.
എൻവയോണ്മെന്റൽ റിസർച്ച് കമ്മ്യൂണിക്കേഷൻ എന്ന മാസിക നടത്തിയ പഠനത്തിലാണ് ഇവിടത്തെ മരങ്ങൾക്ക് ഇത്രയധികം പ്രായമുണ്ടെന്ന് മനസിലായത്.സൈപ്രസ് മരങ്ങൾ തിങ്ങി വളർന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. വീട്ടുപകരങ്ങളും മറ്റും നിർമിക്കുന്നതിനായി സൈപ്രസ് മരങ്ങൾ വ്യാപകമായി വെട്ടിയതോടെ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
പിന്നീട് ഈ പ്രദേശം സംരക്ഷിത വനമായി പ്രഖ്യാപിച്ച് സംരക്ഷിക്കുകയായിരുന്നു. 2624 വർഷം പഴക്കമുള്ള സൈപ്രസ് മരമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രായമുള്ളത്. 1600 ഏക്കർ വിസ്തൃതിയുള്ള ഈ സംരക്ഷിത വനപ്രദേശത്ത് ഇപ്പോൾ 2000 വർഷത്തിലധികം പഴക്കമുള്ള 110 മരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.