ഞാനിത്രയേ ചെയ്തുള്ളൂ! കാമറകൾ കണ്ടപ്പോൾ അവൾക്ക് പിടിച്ചുനില്ക്കാനായില്ല; പിന്നെ സംഭവിച്ചത്...
Thursday, July 1, 2021 5:40 PM IST
ഫ്രാൻസിൽ നടക്കുന്ന പുരുഷൻമാരുടെ പ്രശസ്തമായ സൈക്കിൾ റേസാണ് "ടൂർ ഡി ഫ്രാൻസ്'. ഇത്തവണ ടൂർ ഡി ഫ്രാൻസ് ലോകമെന്പാടും ശ്രദ്ധയാകർഷിച്ചത് റേസിനിടെ നടന്ന ഒരു കൂട്ടയിടികൊണ്ടാണ്.
21 സൈക്കിളിസ്റ്റുകളാണ് അപകടത്തിൽപ്പെട്ടത്. കാരണമായതാകട്ടെ ചാനൽ കാമറകൾകണ്ടു തന്റെ ചിത്രം ടിവിയിൽ വരാൻ തിടുക്കം കാട്ടിയ ഒരു സ്ത്രീയും.

കാമറ കണ്ടപ്പോൾ!
മത്സരം ആരംഭച്ച് എതാനും മിനിറ്റുകൾക്കുള്ളിലായിരുന്നു അപകടം. സൈക്കിൾ റേസിന്റെ ഉദ്ഘാടന വേദിക്കു സമീപമായി റോഡരികിൽ നീല ജീൻസും മഞ്ഞ ജാക്കറ്റും ധരിച്ച് ഒരു സ്ത്രീ നിന്നിരുന്നു. പെട്ടന്നാണ് അവരുടെ കണ്ണിൽ റേസ് റിപ്പോർട്ട് ചെയ്യാനെത്തിയ ടിവി കാമറകൾ പതിഞ്ഞത്.
പിന്നെ ഒന്നും നോക്കിയില്ല നേരെ ഒരു കാഡ്ബോർഡും പിടിച്ച് അവർ കാമറയ്ക്കു മുന്നിലേക്കു ചാടി. കാർഡ് ബോർഡിൽ ഫ്രഞ്ച്, ജർമൻ ഭാഷകൾ ഇടകലർത്തി കമോൺ ഗ്രാൻഡാഡ്-ഗ്രാനി എന്നെഴുതിയിരുന്നു. സൈക്കിളുകൾ ഇരച്ചെത്തിക്കൊണ്ടിരിക്കുന്നതിനു മുന്നിലായിരുന്നു ഇവരുടെ സാഹസം.
ഇവർ റേസിംഗ് ട്രാക്കിലേക്കു കാലെടുത്തു വച്ച ഉടനെ കൈയിൽ ഉണ്ടായിരുന്ന കാഡ്ബോർഡ്, മത്സരത്തിൽ പങ്കെടുക്കുകയായിരുന്ന ജർമൻ റൈഡർ ടോണി മാർട്ടിന്റെ തലയിൽ ഇടിച്ചു. മത്സരത്തിൽ മുന്നേറുകയായിരുന്ന ടോണി മാർട്ടിൻ നിയന്ത്രണം നഷ്ടപ്പെട്ടു നേരേ സൈക്കിളിൽനിന്നു ട്രാക്കിൽ പതിച്ചു.
പിന്നീടങ്ങോട്ട് ഒരു കൂട്ട വീഴ്ചതന്നെയായിരുന്നു. പിന്നാലെ വന്നവർ ഓരോരുത്തരായി പരസ്പരം കൂട്ടിയിടിച്ചു ട്രാക്കിൽ വീണു. മൊത്തം 21 പേർ. പല സൈക്കിളിസ്റ്റുകൾക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റവരെ ഉടൻ തന്നെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർക്കു പ്രാഥമിക ചികിത്സയും നൽകി. സംഭവത്തെത്തുടർന്നു കുറേസമയം മത്സരം തടസപ്പെട്ടു.
മുങ്ങി, പിന്നെ കീഴടങ്ങി
അപകടം നടന്നയുടൻ കാര്യങ്ങൾ പന്തിയല്ലെന്നു കണ്ടു കാർഡ് ബോർഡുമായി റോഡിലേക്കിറങ്ങിയ സ്ത്രീ സംഭവസ്ഥലത്തുനിന്നു മുങ്ങിയെങ്കിലും പിന്നീട് പോലീസിനു കീഴടങ്ങി. മുപ്പതുകാരിയായ ഫ്രഞ്ച് വനിതയാണ് ലാൻഡർനോവിലെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മനഃപൂർവമല്ലാത്ത അപകടത്തിനാണ് കേസെടുത്തിട്ടുള്ളത്. മത്സരം അട്ടിമറിക്കാനുള്ള ശ്രമമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അപകടത്തെത്തുടർന്നു ഗുരുതര പരിക്കേറ്റ മൂന്നുപേർ മൽസരത്തിൽനിന്നു പിന്മാറി. ജർമൻ റൈഡർ ജാഷാ സട്ടർലിൻ ഉൾപ്പെടെയുള്ളവരാണ് പിൻമാറിയത്.
അപകടത്തിൽ സട്ടർലിന്റെ വലതു കൈത്തണ്ടയ്ക്കു ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഫ്രാൻസിൽ ഇത്തരത്തിൽ ഒരു കുറ്റത്തിന് ഒരു വർഷം വരെ തടവും 13,000 ഡോളറിൽ താഴെ പിഴയും ഇടാക്കാറുണ്ട്. മത്സരം തടസപ്പെടുത്തിയ സ്ത്രീക്കെതിരേ സംഘാടകർ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നു ടൂർ ഡെപ്യൂട്ടി റേസ് ഡയറക്ടർ പിയറി-യെവ്സ് തൾട്ട് പറഞ്ഞു.