തെന്നിന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള ഒരാളാണ് തമിഴ് നടന്‍ സൂര്യ. വേറിട്ട ചലച്ചിത്രങ്ങള്‍ നിമിത്തം ദേശീയപുരസ്കാര നേട്ടത്തില്‍വരെ എത്തി നില്‍ക്കുകയാണ് അദ്ദേഹം. സംവിധായകന്‍ സിരുത്തൈ ശിവയ്ക്കൊപ്പമുള്ള തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് സൂര്യ ഇപ്പോള്‍.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സൂര്യ മുംബൈയിലേക്ക് ധാരാളം യാത്രകള്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ അദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് സൂര്യ പോസ്റ്റ് ചെയ്തത്. സച്ചിന്‍റെ വലിയ ആരാധകനാണ് അദ്ദേഹം. "ബഹുമാനവും സ്നേഹവും' എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ഈ ചിത്രം പങ്കുവച്ചത്.

ഇത് സൂര്യയുടെ മുംബൈ യാത്രയ്ക്കിടെ എടുത്ത ചിത്രമാണോ എന്ന് വ്യക്തമല്ല. ഏതായാലും ഇരുവരുംകൂടി നില്‍ക്കുന്ന ഈ ചിത്രം സൂര്യയുടെ ആരാധകര്‍ക്കും വലിയ ആവേശമാണ് സമ്മാനിക്കുന്നത്.