സ്റ്റിയറിംഗില്‍ ചുംബിച്ച് വിടപറയുന്ന ബസ് ഡ്രൈവര്‍; ഹൃദയസ്പര്‍ശിയായ വിരമിക്കല്‍
Monday, June 5, 2023 11:32 AM IST
എത്ര വേനലും മഴയും മഞ്ഞും ഒക്കെ കൊണ്ടാണ് നാം ഓരോരുത്തരും ജീവിതത്തിന്റെ മറുകോണ്വരെ എത്തുക. അതിനിടെ എത്രയെത്ര ഇടങ്ങളിലൂടെയാണ് കടന്നുപോവുക. അതിൽ ചില ഘട്ടങ്ങള്‍ നമ്മുടെ ഹൃദയത്തോട് ഏറെ ചേര്‍ന്നിരിക്കും.
സ്കൂള്‍ ജീവിതവും പിന്നീടുണ്ടാകുന്ന ഔദ്യോഗിക ജീവിതവും ഒരു മനുഷ്യനെ സംബന്ധിച്ച് ഏറെ പ്രധാനമാണല്ലൊ. ഇക്കാലയളവുകളെ പിരിയുന്നത് ഏറെ നോവാണ് മിക്കവര്‍ക്കും. പ്രത്യേകിച്ച് ജോലിയില്‍ നിന്നും വിരമിക്കുന്നത്.
അങ്ങനൊരു ദിവസം ആര്‍ക്കും മറക്കാന്‍ കഴിയില്ല. അടുത്തിടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ പറയുന്നത് ഒരു ബസ് ഡ്രൈവറുടെ പടിയിറക്കമാണ്. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടില്‍ ബസ് ഡ്രൈവറായ ഒരാളാണ് ഈ സംഭവത്തിലെ പ്രധാനി.
30 വര്‍ഷത്തെ നീണ്ട സര്‍വീസിന് ശേഷം അദ്ദേഹം കഴിഞ്ഞമാസം അവസാനം വിരമിച്ചു. ദൃശ്യങ്ങളില്‍ താന്‍ അത്ര നാളും ഓടിച്ച ബസിന്റെ സ്റ്റിയറിംഗില്‍ അദ്ദേഹം പലവുരു ചുംബിക്കുകയാണ്. മാത്രമല്ല ബസിന്റെ കോണിപ്പടയില് തൊട്ടുതൊഴുന്നുമുണ്ട്.
ഒടുവില്‍ ആ ബസിനെ കെട്ടിപ്പിടിച്ച് അദ്ദേഹം കരയുന്നുമുണ്ട്. തനിക്കെല്ലാം നല്‍കിയത് ഈ ബസാണെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ ഈ തൊഴിലിനെ അത്ര സ്നേഹിക്കുന്നതായും ആ ഡ്രൈവര്‍ വിതുമ്പലോടെ പറഞ്ഞു.
ഏറെ വൈകാരികമായ ആ വിരമിക്കല്‍ സമൂഹ മാധ്യമങ്ങളുടെയും ശ്രദ്ധനേടി. ഒരുപാടുപേര് ഈ ദൃശ്യങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. "ഇദ്ദേഹത്തെപ്പോലെ അവരുടെ ജോലിയെ സ്നേഹിക്കുന്ന ആളുകളുണ്ട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ. സാര്‍ തങ്കളുടെ വിശ്രമജീവിതം ഏറെ ആനന്ദകരമാകട്ടെ. ആശംസ' എന്നാണൊരാള്‍ കുറിച്ചത്.