മാറഡോണയെ ആദരിക്കാൻ കേക്ക് ഉണ്ടാക്കി; പക്ഷേ മാരകമായിപ്പോയി
Monday, December 28, 2020 3:23 PM IST
ക്രിസ്മസ്- ന്യൂ ഇയറിനോട് അനുബന്ധിച്ച് വലിയ കേക്കുകൾ നിർമിക്കുന്നത് പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ രൂപത്തിൽ ഭീമൻ കേക്ക് നിർമിച്ചാണ് ഇപ്പോൾ തമിഴ്നാട്ടിലെ ഒരു ബേക്കറി വാർത്തയിൽ ഇടംപിടിച്ചിരിക്കുന്നത്.
പക്ഷെ പണി ചെറുതായി പാളിയെന്നാണ് ചിത്രങ്ങൾ കണ്ടാൽ തോന്നുന്നത്. കേക്കിന് മാറഡോണയുടെ രൂപസാദൃശ്യമില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ട്രോളുകളാണ്.
മാറഡോണയുടെ രൂപത്തിലുള്ള ആറടി ഉയരമുള്ള കേക്കാണ് ബേക്കറിക്ക് മുന്നിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. നാലുദിവസത്തോളമെടുത്താണ് കേക്കിന്റെ പണി പൂർത്തിയാക്കിയത്. അറുപതു കിലോഗ്രാം പഞ്ചസാരയും 270 മുട്ടകളുമാണ് ഈ സ്പെഷൽ കേക്ക് തയാറാക്കാൻ ചെലവായത്.
എല്ലാ വർഷവും ക്രിസ്മസ് - ന്യൂ ഇയർ സമയത്ത് വ്യത്യസ്തമായ കേക്കുകൾ ബേക്കറി നിർമിക്കാറുണ്ട്. ഇളയരാജ, അബ്ദുൾ കലാം, ഭാരതിയാർ തുടങ്ങിയവരുടെയെല്ലാം രൂപങ്ങളിലുള്ള കേക്കുകൾ നേരത്തേ നിർമിച്ചിരുന്നു.