എന്തൊക്കെ പാടുപെടണം..! കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ടീച്ചർ കണ്ടെത്തിയ മാർഗം
Wednesday, July 24, 2019 1:10 PM IST
കുട്ടികൾക്ക് കാര്യങ്ങൾ കൂടുതൽ മനസിലാകാൻ വേണ്ടി ടീച്ചർമാർ പലപല കുറുക്കുവഴികളും തേടാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു കാര്യം ചെയ്താണ് തായ്ലൻഡിലെ ഒരു ഇംഗ്ലീഷ് അധ്യാപകനായ ബാലി എന്നു വിളിക്കുന്ന തീരഫോങ് മീസറ്റ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്.
കാരണം ബാലി തന്റെ ക്ലാസിൽ എത്തുന്നത് ഫാൻസി ഡ്രസിലാണ്. ക്ലാസിൽ കുട്ടികൾ ശ്രദ്ധിച്ചിരിക്കാനാണ് ബാലി ഫാൻസി ഡ്രസ് വേഷത്തിൽ ക്ലാസ് എടുക്കാനായി എത്തുന്നത്. പല വേഷങ്ങളിൽ മാറി മാറി ക്ലാസിലെത്തിയാൽ കുട്ടികളുടെ ഉറക്കം പോകുമെന്നും കുട്ടികൾ ക്ലാസിൽ ശ്രദ്ധയോടെ ഇരിക്കുമെന്നുമാണ് ബാലി പറയുന്നത്.
ആദ്യമായി ബാലി ഇങ്ങനെ ഒരു വേഷത്തിലെത്തിയത് ഒരു പരേഡിൽ പങ്കെടുത്ത ശേഷമായിരുന്നു. പരേഡിൽ പങ്കെടുക്കാൻ പോയി തിരികെ വന്ന ബാലിക്ക് ക്ലാസിന് സമയമായതിനാൽ വേഗം തന്നെ ക്ലാസിലേക്ക് കയറേണ്ടി വന്നു. പരേഡിൽ ഇട്ടിരുന്ന രൂപത്തിൽ ക്ലാസിലെത്തിയ ബാലിയെ കണ്ട് കുട്ടികൾ ആദ്യം അന്പരക്കുകയും പേടിക്കുകയും ചെയ്തെങ്കിലും പിന്നീടവർ ക്ലാസിൽ ശ്രദ്ധിക്കാൻ തുടങ്ങി.
ഇതോടെ ഇത്തരം വേഷങ്ങൾ സ്ഥിരമാക്കിയാൽ എന്താണെന്ന് ബാലിക്ക് തന്നെ തോന്നി. തുടർന്ന് ഇത് തന്നെ പരീക്ഷിക്കുകയായിരുന്നു. പഠനനിലവാരത്തിൽ താഴെ നിൽക്കുന്ന തായ്ലൻഡിനെ തന്റെ ഈ പരീക്ഷണത്തിലൂടെ മുന്നേറാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബാലിയെന്ന ഈ 29-കാരൻ അധ്യാപകൻ.