ക്രിസ്മസ് പാപ്പമാരെ കൊണ്ട് നിറഞ്ഞ് ടൂറിൻ
Thursday, December 6, 2018 1:35 PM IST
ഇറ്റലിയിലെ ടൂറിൻ എന്ന നഗരം കഴിഞ്ഞ ദിവസം ക്രിസ്മസ് പപ്പാമാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ കാഴ്ചയാണ് ലോകം കണ്ടത്. എവിടെ നോക്കിയാലും ചുവന്ന വസ്ത്രങ്ങളണിഞ്ഞ ക്രിസ്മസ് പപ്പാമാർ.
സ്കൂട്ടറിലും സൈക്കിളിലുമൊക്കെയായി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും അവർ ടൂറിനിൽ എത്തി. ഇറ്റലിയിലെ കുട്ടികൾക്കായുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ പപ്പാ സംഗമം സംഘടിപ്പിച്ചത്. 20,000 പപ്പാമാർ സംഗമത്തിൽ പങ്കെടുത്തു.
എല്ലാ വർഷവും ഡിസംബറിലെ ആദ്യ ഞായറാഴ്ച ഇവിടെ ഇത്തരത്തിൽ പപ്പാ സംഗമം നടത്താറുണ്ട്. വർഷംകൂടുംതോറും സംഗമത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കൂടുന്നതായി സംഘാടകർ അവകാശപ്പെടുന്നു. പ്രായഭേദമെന്യേ കുട്ടികളും മുതിർന്നവരും ഒരുപോലെ പപ്പാവേഷം ധരിച്ച് ഇവിടെ എത്തുന്നു.