ഇരട്ടവിസ്മയം! ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് പൂജയും പുണ്യയും
Thursday, December 2, 2021 12:23 PM IST
ഉപയോഗശൂന്യമായ ഒഴിഞ്ഞ കുപ്പികളിൽ വരകളിലൂടെ വര്‍ണവിസ്മയം തീര്‍ക്കുകയാണ് ഇരട്ടകളും വീട്ടൂര്‍ എബനേസര്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളുമായ പൂജ രമേശും പുണ്യ രമേശും.
2020ല്‍ ആദ്യഘട്ട ലോക്ഡൗണ്‍ തുടങ്ങിയതോടെയാണ് ബോട്ടില്‍ ആര്‍ട്ടില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. വീണ്ടുമൊരു ലോക്ഡൗണ്‍ കൂടി വന്നതോടെ ഈ മേഖലയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അബ്ദുല്‍ കലാം ആസാദ്, മദര്‍ തെരേസ, മുഖ്യമന്ത്രി പിണറായി വിജയന്, മാത്യു കുഴൽനാടന് എംഎല്‍എ, മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രം അടക്കമുള്ള ചിത്രങ്ങളാണ് ഇവരുടെ കലാവിരുതില്‍ വിരിഞ്ഞത്.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ മിടുക്കികള്‍. ക്ലാസിക്കല്‍ നൃത്തത്തിലും തങ്ങളുടെ മികവ് കാഴ്ചവയ്ക്കാന്‍ ഈ മിടുക്കികള്‍ സമയം കണ്ടെത്താറുണ്ട്.
കാര്‍പ്പെന്റര്‍ തൊഴിലാളിയായ മുളവൂര്‍ ഒലിയപ്പുറത്ത് രമേശിന്റെയും രാധികയുടെയും മക്കളാണ്. സഹോദരിമാർ ഇരട്ടകളായ ശ്രേയ, ശേത നഴ്സിംഗ് വിദ്യാര്‍ഥികളാണ്.