തല്ലിപ്പൊളിക്കാൻ പറ്റിയില്ല; എടിഎം മെഷിൻ അപ്പാടെ പിഴുതെടുത്ത് മോഷ്ടാക്കൾ
Saturday, September 28, 2019 2:08 PM IST
എടിഎമ്മിലെ പണം അപഹരിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് എടിഎം മെഷീൻ പൂർണമായി പിഴുതെടുത്ത് മോഷ്ടാക്കൾ. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം.
മെഷീൻ തകർത്ത് പണം കവരാനായിരുന്നു കവർച്ചാ സംഘത്തിന്റെ പദ്ധതി. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് കാറിന് പിന്നിലും എടിഎം മെഷീനിലും ചങ്ങലകൾ ഘടിപ്പിച്ച് കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു. എടിഎം മെഷീൻ ഇങ്ങനെ പിഴുതെടുത്താണ് കവർച്ചാ സംഘം ഇവിടെ നിന്നും മടങ്ങിയത്.
എടിഎമ്മിനുള്ളിൽ 30 ലക്ഷം രൂപയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.