നിരവധി വീഡിയോകൾ വൈറൽ പട്ടികയിൽ ഇടം പിടിക്കാറുണ്ട്. അതിൽ പ്രകൃതിയുടെ മനോഹാരിത അത്രമേൽ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളും ഉണ്ടാകും. കാണുന്നതൊക്കെ സത്യമാണോയെന്ന് ഒന്നുകൂടി നോക്കി ഉറപ്പിക്കേണ്ടി വരുന്ന ചിലത്. അത്തരത്തിലൊരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തെക്കൻ യൂറോപ്പിലെ മോണ്ടിനെഗ്രോവിലെ ദിനോസ ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. 100 വർഷം പഴക്കമുള്ള മൾബെറി മരത്തിൽ നിന്ന് നദിയിലേതെന്ന പോലെ നീരൊഴുക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

ശൈത്യകാലം അവസാനിക്കാറാകുന്പോഴോ കനത്ത മഴക്കാലത്തോ ആണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. മരത്തിന് തറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിലുള്ള പൊത്തിൽ നിന്നാണ് വെള്ളം ഒഴുകുന്നത്.

20 വർഷം മുന്പാണ് ആദ്യമായി ഈ മരത്തിൽ നിന്ന് ഇത്തരത്തിൽ വെള്ളം ഒഴുകാൻ തുടങ്ങിയത്. തുടർന്ന് എല്ലാ വർഷവും ഒരു പ്രത്യേക സീസണിൽ ഇത് സംഭവിക്കാൻ തുടങ്ങി. ഈ പ്രതിഭാസം രണ്ട് മുതൽ നാല് ദിവസം വരെ മാത്രമേ നിലനിൽക്കാറുള്ളൂ. മരത്തിൽ നിന്ന് വെള്ളമൊഴുകുന്നത് കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

വിനോദസഞ്ചാരികളും ഈ ദൃശ്യങ്ങൾ കാണാൻ ഇവിടേക്കെത്താറുണ്ട്. ഇലകളില്ലാത്ത മരത്തിന്‍റെ തടിയിലുള്ള പൊത്തിൽ നിന്നാണ് വെള്ളം ഒഴുകുന്നത്. ഈ പ്രദേശത്ത് പുരാതന ജലസംഭരണികൾ ഉണ്ട്. സിജേവ നദിയിൽ നിന്നുള്ള ഒരു നീരുറവയുടെ സമീപത്താണ് ഈ മരം നിൽക്കുന്നത്.

നീരുറവകളിൽ മഴവെള്ളം നിറയുന്പോൾ ഉണ്ടാകുന്ന സമ്മർദ്ദം മൂലം മരത്തിന്‍റെ വിടവിലൂടെ വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നതാകാമെന്നാണ് ഒരാൾ കമന്‍റ് ചെയ്തിരിക്കുന്നത്.