വിവാഹ ഫോട്ടോയിൽ വധുവിന് ഒരു വായ കൂടി; ഫോട്ടോയും ഫോട്ടോഗ്രാഫറും വൈറൽ
Thursday, May 12, 2022 12:22 PM IST
വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ദർഭങ്ങളിൽ ഒന്നാണല്ലൊ. അതിനാൽതന്നെ ആ നിമിഷങ്ങൾ സൂക്ഷിക്കാനായി എടുക്കുന്ന ഫോട്ടോകളും അത്രതന്നെ പ്രിയപ്പെട്ടതായിരിക്കും.

എന്നാൽ ഓസ്ട്രേലിയയിലെ പെർത്തിലുള്ള ജൂലിയ ഒലിവർ എന്ന വധു തന്‍റെ വിവാഹ ചിത്രം കണ്ട് ഞെട്ടി; ഫോട്ടോയിൽ തനിക്ക് ഒരു വായ കൂടി!. ടാനിയ വോൾട്ട് എന്ന യുവതിയായിരുന്നു ആ ഫോട്ടോയ്ക്ക് പിന്നിൽ.

പിൻ കാഴ്ചയിൽ പെർത്ത് ബീച്ചും സൂര്യകിരണങ്ങളുമൊക്കെയുള്ള ആ ചിത്രത്തിൽ വധുമാത്രം ഒരു പ്രേതത്തെ പോലെ കാണപ്പെട്ടു. അതൊരു എഡിറ്റിംഗ് പിശക് മാത്രമാണെന്നും താനത് പരിശോധിക്കാതെ അയച്ചത് തെറ്റായിപ്പോയെന്നും ഫോട്ടോഗ്രാഫറായ ടാനിയ പറഞ്ഞു. മാത്രമല്ല ഉടൻതന്നെ ചിത്രം ശരിയാക്കി ജൂലിയയ്ക്ക് ടാനിയ ഇ മെയിൽ ചെയ്തു കൊടുക്കുകയും ചെയ്തു.

എന്നാൽ തങ്ങൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് തമാശയായിട്ടാണ് സംഭവം എടുത്തതെന്ന് ജൂലിയയും ഭർത്താവ് ബ്രെറ്റ് ഒലിവറും പറഞ്ഞു. മറ്റെല്ലാ ചിത്രങ്ങളും വളരെ മനോഹരമായിട്ടാണ് ടാനിയ പകർത്തിയതെന്നും ദമ്പതികൾ പറഞ്ഞു.

ഏതായാലും 2018ൽ നടന്ന വിവാഹത്തിന്റെ ഈ ഫോട്ടോ വധുവിന്റെ രണ്ട് വായ നിമിത്തം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.