മിടുക്കനല്ല മിടുമിടുക്കൻ; സമുദ്രത്തിൽ നഷ്ടമായ മൊബൈൽ ഫോണ് ഉടമയ്ക്ക് തിരികെ നൽകി തിമിംഗലം
Thursday, May 9, 2019 12:14 PM IST
സമുദ്രസഞ്ചാരത്തിനിടയിൽ നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണ് ബെലൂഗ തിമിംഗലം വെള്ളത്തിൽ നിന്നും ഉടമയ്ക്ക് തിരികെ കൊണ്ടു വന്നു നൽകുന്നതിന്റെ മനോഹരദൃശ്യങ്ങൾ വൈറലാകുന്നു. നോർവെയിലെ ഹാമെർഫെസ്റ്റ് ഹാർബറിലാണ് ഏറെ സന്തോഷമുണർത്തുന്ന ദൃശ്യങ്ങൾ അരങ്ങേറിയത്.
സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയിലാണ് ഒരു യുവതിയുടെ മൊബൈൽ ഫോണ് വെള്ളത്തിൽ വീണ് നഷ്ടപ്പെട്ടത്. മൊബൈൽ ഫോണ് നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ഇവർ ഇരിക്കുമ്പോൾ ഒരു ബെലൂഗ തിമിംഗലം മൊബൈൽ ഫോണ് കടിച്ചു പിടിച്ച് ഇവർക്കു നേരെ വെള്ളത്തിൽ നിന്നുമുയർന്നു വരുകയായിരുന്നു.
തുടർന്ന് തിമിംഗലത്തിന്റെ വായയിൽ നിന്നും ഇവർ ഫോണ് വാങ്ങിക്കഴിയുമ്പോൾ തിമിംഗലം തിരികെ സമുദ്രത്തിന്റെ അടിയിലേക്ക് മടങ്ങി പോകുകയും ചെയ്തു. ബോട്ടിൽ നിന്നു തന്നെ പകർത്തിയ ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്.