കടലിനക്കരെയുള്ള ഭാര്യ കണ്മുന്നിൽ; പ്രവാസി മലയാളിക്ക് കിടിലൻ സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ
Thursday, August 29, 2019 1:43 PM IST
ജന്മദിനത്തിൽ യുവാവിന് കൂട്ടുകാർ നൽകിയത് കിടിലൻ സർപ്രൈസ്. പിറന്നാൾ ആഘോഷിക്കുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ ഭാര്യയെ നാട്ടിൽ നിന്നും മസ്ക്കറ്റിൽ എത്തിച്ചാണ് കൂട്ടുകാർ സർപ്രൈസ് നൽകിയത്.
വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാളായിരുന്നു ഇത്. കൂട്ടുകാർക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കുമ്പോഴായിരുന്നു പിന്നിൽ കൂടി ഭാര്യയുടെ എൻട്രി. അപ്രതീക്ഷിതമായി ഭാര്യയെ കണ്ട ഞെട്ടലിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുമ്പോൾ ഭാര്യ പിറന്നാൾ സമ്മാനം നൽകിയതിന് ശേഷം ചുംബനം നൽകി.
കണ്മുമ്പിൽ കണ്ടത് സത്യമാണോ സ്വപ്നമാണോ എന്നറിയാതെ സ്തബ്ദനായി നിൽക്കുന്ന യുവാവ് ഭാര്യയെ ആലിംഗനം ചെയ്തപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു. സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ് ഈ വീഡിയോ. മാത്രമല്ല ഈ സുഹൃത്തുക്കളെ തേടി അഭിനന്ദനവും നിരവധിയായി പ്രവഹിക്കുന്നുണ്ട്.