വെള്ളപ്പൊക്കത്തിൽ ഫോട്ടോഷൂട്ട്; വിമർശനവുമായി സോഷ്യൽ മീഡിയ
Tuesday, October 1, 2019 12:58 PM IST
ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർഥിനിയായ അദിതി സിംഗാണ് ചിത്രങ്ങൾക്കു മോഡലായത്. വെള്ളം നിറഞ്ഞു കിടക്കുന്ന പാട്നയിലെ ഒരു റോഡിലായിരുന്നു ഷൂട്ട്. ചുവപ്പ് വെൽവറ്റ് ഗൗണ്‍ ആയിരുന്നു അദിതിയുടെ വേഷം.
ഷൂട്ടിംഗിനെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ്. ആളുകൾ ദുരിതം അനുഭവിക്കുന്നതിനിടയിൽ ഇങ്ങനെ ചിരിച്ച്, ഉല്ലസിച്ച് ചിത്രങ്ങൾ പകർത്തുന്നത് ശരിയല്ല. ശ്രദ്ധ നേടാൻ ഫോട്ടോഷൂട്ട് നടത്തിയശേഷം പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാനാണ് എന്നു പറയുന്നതിൽ അർഥമില്ല എന്നിങ്ങനെയാണ് വിമർശനം.
മാധ്യമങ്ങളിലൂടെ ആളുകൾ ബിഹാറിലെ സാഹചര്യങ്ങൾ അറിയുന്നുണ്ടെന്നും, അതിനിടയിൽ ഫോട്ടോഷൂട്ടിന്റെ ആവശ്യമില്ല എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാറ്റ്നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും അതുവഴി കൂടുതൽ സഹായം നേടിയെടുക്കുകയും ആണ് ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അദിതിയുടെ നിലപാട്.
നാലു ദിവസം നീണ്ട കനത്ത മഴയെത്തുടർന്ന് ബിഹാറിലും ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.