പാൽ കിണ്ണത്തിൽ ജീവനക്കാരന്റെ നീരാട്ട്; വീഡിയോ വൈറൽ; പ്ലാന്റ് അടച്ചുപൂട്ടി
Monday, November 9, 2020 7:29 PM IST
പാലിൽ കുളിക്കുന്ന ജീവനക്കാരന്റെ വീഡിയോ വൈറലായതിനെ തുടർന്നു പ്ലാന്റ് അടച്ചുപൂട്ടി. തുർക്കിയിലാണു സംഭവം. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ക് ടോക്കിലാണു വീഡിയോ വൈറലായത്.
സെൻട്രൽ അനാത്തൊളിൻ പ്രവിശ്യയിലെ കൊന്യയിൽ പ്രവർത്തിക്കുന്ന പ്ലാന്റിലാണു സംഭവം. പാൽ നിറഞ്ഞ വലിയ കുട്ടകത്തിൽ കുളിക്കുന്നതായിരുന്നു വീഡിയോ. തലയിലൂടെ ജീവനക്കാരൻ പാൽ കോരി ഒഴിക്കുന്നതും നീന്തുന്നതും വീഡിയോയിലുണ്ടെന്നു ഹുറിയത്ത് ഡെയ്ലി ന്യൂസ് റിപ്പോർട്ട് ചെയ്തു.
എംരെ സയർ എന്ന ജീവനക്കാരനാണു പാലിൽ നീരാടിയത്. ഉഗുർ തുർഗുത് എന്ന ആളാണു വീഡിയോ ടീക് ടോക്കിൽ അപ്ലോഡ് ചെയ്തത്. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഇരുവരും അറസ്റ്റിലായിട്ടുണ്ട്.