ഒരിക്കല്‍കൂടി ഇടിക്കൂട്ടിലേക്കെത്താന്‍ ഒരുങ്ങുകയാണ് വേള്‍ഡ് റെസ്‌ലിംഗ് എന്‍റര്‍ടെയ്ന്‍മെന്‍റ് മുന്‍താരം റിക് ഫ്ളയര്‍. 73 -ാം വയസിലാണ് ആരാധകര്‍ "നേച്ചര്‍ ബോയ്' എന്നു സ്നേഹത്തോടെ വിളിക്കുന്ന റിക് ഫ്ളയര്‍ റിംഗിലേക്ക് തിരിച്ചെത്തുന്നത്.

ഈ വര്‍ഷം ജൂലൈ 31ന് അമേരിക്കയിലെ ടെന്നെസ്സി സംസ്ഥാനത്തുള്ള നാഷ്വില്ല നഗരത്തില്‍ നടക്കുന്ന മത്സരത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ജിം ക്രോക്കറ്റ് പ്രൊഡക്ഷന്‍സാണ് മത്സരം സംഘടിപ്പിക്കുന്നത്.

തന്‍റെ 40 വര്‍ഷം നീണ്ട റെസ്‌ലിംഗ് ജീവിതത്തിനിടയില്‍ 16 തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍പട്ടം അദ്ദേഹം നേടിയിട്ടുണ്ട്. നേരത്തെ 2011ല്‍ റെസ്‌ലിംഗില്‍ നിന്നദ്ദേഹം വിരമിച്ചിരുന്നു.


ആഴ്ചകളായി റിക് ഫ്ളയറിന്‍റെ മടക്കത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്നെയാണ് തന്‍റെ മടങ്ങിവരവ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഏതായാലും റിക് ഫ്ളയറിന്‍റെ എതിരാളി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് റെസ്‌ലിംഗ് ലോകം.