കോവിഡ് രോഗിക്ക് പാട്ടുവെച്ചുനല്കി ഡോക്ടര്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Tuesday, May 11, 2021 1:37 PM IST
കോവിഡ് രോഗികൾക്ക് മനോധൈര്യം നൽകാന് ആരോഗ്യപ്രവർത്തകർ പലരീതിയിൽ ശ്രമിക്കുന്നുണ്ട്. ഡോക്ടർമാരും നഴ്സുമാരും പി പി ഇ കിറ്റുകൾ ധരിച്ച് നൃത്തച്ചുവടുകൾ വച്ചും പാട്ട് പാടിയും രോഗികള്‍ക്ക് സന്തോഷം പകര്ന്നുനല്കുന്ന നിരവധി വീഡിയോകൾ ഇതിനോടകം വൈറലായിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് മറ്റൊരു വീഡിയോയാണ്. കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആവശ്യപ്രകാരം ഡോക്ടര്‍ പാട്ട് വെച്ചുകൊടുത്തതിന്റെ വീഡിയോയാണിത്.
ഡോ. മോണിക്ക ലൻഗെഹ് എന്ന ഡോക്ടർ തന്റെ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. 'ലവ് യൂ സിന്ദഗി...' എന്ന ഗാനമാണ് യുവതി ആസ്വദിക്കുന്നത്. 'അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐസിയു കിടക്ക കിട്ടാത്തതിനാൽ കോവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൾ കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ. പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്'- എന്ന ക്യാപ്ഷനോടയൊണ് വീഡിയോ ഡോക്ടര്‍ പങ്കുവച്ചത്.