രണ്ടു ലക്ഷം രൂപയുടെ പൂക്കൾ; തെളിഞ്ഞു ഗുരു പൂക്കളിൽ!
Monday, August 23, 2021 3:14 PM IST
കൊടുങ്ങലൂർ: പൂക്കളിൽ തീർത്ത ശ്രീനാരായണ ഗുരുവിന്റെ ചിത്രം കണ്ടു കാണികൾ വിസ്മയിച്ചു നിന്നു. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ കരവിരുതിലാണ് 60 അടി വലുപ്പത്തില്‍ പൂക്കളില്‍ തീര്‍ത്ത ശ്രീനാരായണഗുരുവിന്റെ ഛായാചിത്രം രൂപമെടുത്തത്. നാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം കൊടുങ്ങലൂർ യൂണിയനാണ് ഇങ്ങനെയൊരു ചിത്രവിസ്മയം ഒരുക്കാൻ നേതൃത്വം നൽകിയത്.
ഓറഞ്ചു ചെണ്ടുമല്ലി, മഞ്ഞ ചെണ്ടുമല്ലി, മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ്, അരളി , ചെത്തിപ്പൂ, വാടാമല്ലി എന്നീ പൂക്കളാണ് ഈ ചിത്ര വിസ്മയത്തിന് ഉപയോഗിച്ചത്. കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് രണ്ടു ലക്ഷം രൂപയുടെ പൂക്കള്‍ സംഭാവനയായി നല്‍കിയത്.കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്വെൺഷന് സെന്റർ ഉടമ നസീര്‍ മൂന്നു ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങൾ ഒരുക്കിനൽകി. നിരവധിപേർ ഈ കൂട്ടായ്മയില്‍ പങ്കുചേർന്നു.
വ്യത്യസ്തമായ മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം. എട്ടു മണിക്കൂറോളം സമയം ചെലവഴിച്ച് ഒരു ടണ്‍ പൂക്കളിലാണ് ചിത്രമൊരുക്കിയത് . കാമറാമാന് പ്രജീഷ് ട്രാന്‍സ് മാജിക് , സിംബാദ് , അലി എന്നിവര്‍ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തി. പൂക്കളമൊരുക്കാന് ഫെബി, ഷാഫി, ഇന്ദ്രജിത്ത്, ഇന്ദുലേഖ , ദേവി , മിഥുന് , റിയാസ് ദർബാർ എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു.
എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ , യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡന്റ് ജയലക്ഷ്മി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.