"ഫോർമുല 1' കാറിൽ പാൽ വിതരണം; വീഡിയോ വൈറൽ
Friday, April 29, 2022 11:35 PM IST
ഫോർമുല വൺ മത്സരത്തിനുപയോഗിക്കുന്ന പോലുള്ള വാഹനത്തിൽ പാൽ കൊണ്ടുപോകുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മൂന്ന് ചക്രമുള്ള വാഹനം ഫോര്‍മുല വണ്‍ കാര്‍ പോലെയാണ് നിര്‍മിച്ചിരിക്കുന്നത്. ഡ്രൈവറുടെ സീറ്റിന് പിന്നീല് രണ്ട് വലിയ ക്യാനുകളിലായി പാല് സൂക്ഷിച്ചിട്ടുണ്ട്.
കുറെ നാളുകള്‍ക്ക് ശേഷം ഒരു മികച്ച വീഡിയോ കണ്ടുവെന്ന് വാഹനം കണ്ട ശേഷം വ്യവസായി ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. റോഡിലെ പോരാളിയെ നേരിട്ട് കാണേണ്ടതുണ്ടെന്നും ആനന്ദ് ട്വീറ്റില്‍ പറഞ്ഞു.
"ഈ വാഹനം റോഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം എനിക്കറിയില്ല. എന്നാല്‍ ഈ മനുഷ്യന്റെ അത്യുത്സാഹം ഒരു വ്യതിചലനവുമില്ലാതെ നിലനില്ക്കും. കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട മികച്ച ഒരു കാഴ്ച്ചയാണിത്'- അദ്ദേഹം പറഞ്ഞു.
റോഡ്സ് ഓഫ് മുംബൈ എന്ന ട്വിറ്റര്‍ പേജാണ് ആദ്യമായി വീഡിയോ ഷെയര്‍ ചെയ്തത്. 1.61 ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.