ജീവിക്കാന്‍ പണം വേണം; ശന്പളം ലഭിക്കുന്നില്ലെന്ന് ലൈവ് വാർത്തയിൽ അവതാരകൻ
Friday, June 25, 2021 5:36 PM IST
ലൈവ് വാര്‍ത്താ അവതരണത്തിനിടെ ശന്പളം ലഭിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് വാർത്ത അവതാരകൻ. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലാണ് സംഭവം. 'കെബിഎന്‍ ടിവി' എന്ന ചാനലിലെ അവതാരകനായ കബിന്‍ഡ കലിമിനയാണ് ശമ്പളമില്ലെന്ന് തുറന്നു പറഞ്ഞത്.
പ്രധാന തലക്കെട്ടുകൾ വായിച്ച ശേഷമായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള കബിന്ഡായുടെ പ്രകടനം.'വാര്‍ത്തകള്‍ മാറ്റിവച്ചാല്‍, ലേഡീസ് ആൻഡ് ജെന്റില്‍മെന്‍ നമ്മളെല്ലാം മനുഷ്യരാണ്. നമുക്ക് ജീവിക്കാന്‍ പണം വേണം. ദൗര്‍ഭാഗ്യവശാല്‍ കെബിഎന്‍ ടിവി ഞങ്ങള്‍ക്ക് ശമ്പളം നല്‍കുന്നില്ല. ഷാരോണ്‍ അടക്കം, ഞാനടക്കമുള്ള ആളുകള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം നല്‍കണം...'- ഇത്രയുമായിരുന്നു കബിന്‍ഡ പറഞ്ഞത്.
ഇതോടെ കെബിഎന്‍ ടിവിയില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലെന്നും, ജീവനക്കാര്‍ പരസ്യമായി പ്രതിഷേധത്തിലാണ് എന്നുമുള്ള വാര്‍ത്ത പരന്നു. കബിന്ഡയെ കമ്പനിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വാര്‍ത്താ ബുള്ളറ്റിന് വീഡിയോ കബിന്‍ഡ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.
'അതെ, ലൈവ് വാര്‍ത്തയ്ക്കിടെ ഞാനത് ചെയ്തു. അധിക ജേണലിസ്റ്റുകള്‍ക്കും കാര്യങ്ങള്‍ തുറന്നുപറയാന്‍ പേടിയാണ് എന്നതിനര്‍ത്ഥം ഒരു ജേണലിസ്റ്റും തുറന്ന് സംസാരിക്കരുത് എന്നല്ലല്ലോ...' എന്ന കുറിപ്പോടെയാണ് കബിന്‍ഡ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്നാൽ അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും ജീവനക്കാര്‍ക്ക് അവരുടെ പരാതികളറിയിക്കാന്‍ കൃത്യമായ മാര്‍ഗങ്ങളുണ്ട്, അതിന് പകരം ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് കെന്നഡി മാമ്ബ്വേ പറഞ്ഞു.