സൂചിപ്പേടി; നിലവിളിയുമായി രോഗി, മെരുക്കിയെടുത്ത് സെക്യൂരിറ്റി!
Wednesday, January 13, 2021 10:50 PM IST
കോവിഡ് വാക്സിൻ ഒടുവിൽ നമ്മുടെ അടുത്തെത്തിയിരിക്കുകയാണ്. നാം അഭിമുഖികരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് എന്ന വലിയ മഹാമാരിയെ നിയന്ത്രിക്കാൻ വാക്സിൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. വാക്സിനേഷൻ കേന്ദ്രങ്ങളില്ലെല്ലാം ഡ്രൈ റണ്‍ അടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഡ്രൈ റണ്ണിൽ ആരോഗ്യ പ്രവർത്തകർ കുത്തിവയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും ഒരു കുത്തിവയ്പ്പാണ്. കുത്തുകൊള്ളുന്ന ആളാണ് വൈറൽ വീഡിയോയിലെ താരം. സൂചിയെ പേടിയുള്ള ആളാണ് കക്ഷി. ആരോഗ്യപ്രവർത്തകർ കുത്തിവയ്ക്കാൻ തുടങ്ങുന്പോൾ ഉച്ചത്തിൽ നിലവിളിക്കുകയാണ് ഇയാൾ.
കുത്തിവയ്ക്കുന്ന സ്ഥലത്ത് പഞ്ഞികൊണ്ട് തടവുന്പോൾ മുതൽ ഇയാൾ നിലവിളിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാർ അടക്കം ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെയാണ് ആരോഗ്യപ്രവർത്തകർ കുത്തിവയ്പ്പ് എടുക്കുന്നത്.
വീഡിയോ കാണുന്നവർക്ക് സംഗതി തമാശയായി തോന്നുമെങ്കിലും താനും ഇങ്ങനെയാണെന്നാണ് വീഡിയോയ്ക്ക് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഒരാളുടെ ദയനീയ അവസ്ഥയാണെങ്കിലും സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വീഡിയോ പറപറക്കുകയാണ്.