സൂയസ് കനാലിലെ ബ്ലോക്കിന് കാരണം ഈ സുന്ദരിയോ? അന്വേഷണവുമായി സോഷ്യൽ മീഡിയ
Tuesday, April 6, 2021 12:27 AM IST
സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്കായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുന്‍പ് മാധ്യമങ്ങളിലെ വാർത്ത. ജപ്പാനീസ് കമ്പനിയുടെ ഉടമസ്ഥതയിലുളള എവര്‍ഗിവണ്‍ എന്ന കപ്പലാണ് മാര്‍ച്ച് 23നു രാവിലെ കനാലില്‍ കുടുങ്ങിയത്. ഈ ബ്ലോക്കിന് കാരണമെന്താണെന്നുള്ള അന്വേഷണത്തിലാണ് കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ. ഒടുവിൽ സോഷ്യൽ മീഡിയ ബ്ലോക്കിന്റെ കാരണക്കാരിയെ കണ്ടുപിടിച്ചു. വനിതാ ക്യാപ്റ്റനായ മര്‍വ എല്‍സ് ലെഹദാരെയാണ് സോഷ്യൽ മീഡിയ പ്രതിയാക്കിയത്. ആദ്യ വനിതാ ഈജിപ്ഷ്യന്‍ ക്യാപ്റ്റനാണ് മർവ.
അറബ് ന്യൂസില്‍ വന്ന മര്‍വയുടെ ലേഖനത്തിന്റെ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് വ്യാജ പ്രചാരണമുണ്ടായത്. കോടിക്കണക്കിന് ഡോളറുകള്‍ നഷ്ടമുണ്ടായ സംഭവത്തിന് കാരണക്കാരി മര്‍വ ആണെന്നായിരുന്നു പ്രചാരണം. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി തവണയാണ് ഈ വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിച്ചത്.

എന്നാൽ ഇത് വ്യാജവാർത്തയാണെന്നാണ് പുറത്തുവരുന്ന വിവരം. സൂയസ് കനാലില്‍ എവർഗിവൺ കുടുങ്ങിയ സമയത്ത് മര്‍വ അലക്സാന്‍ഡ്രിയയില്‍നിന്നും നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്തായിരുന്നു. ഐഡ ഫോര്‍ എന്ന കപ്പലില്‍ ഫസ്റ്റ്മേറ്റ് ആയി ജോലി ചെയ്യുകയായിരുന്നു.
ഈജിപ്തിലെ മാരിടൈം സേഫ്റ്റി അതോറിറ്റിയുടെ ഉടമസ്ഥതതയിലുള്ള കപ്പല്‍ ചെങ്കടലിലെ ഒരു ലൈറ്റ് ഹൗസിലേക്ക് സപ്ലൈ ദൗത്യവുമായി പോയതായിരുന്നു. ജോലിക്കിടെയാണ്, തന്റെ പേരില്‍ വ്യാജപ്രചാരണം നടക്കുന്നതായി മര്‍വയുടെ ശ്രദ്ധയില്‍ പെട്ടത്.

വ്യാജപ്രചാരണത്തില്‍ വിഷമിച്ചെങ്കിലും ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് മര്‍വ പറയുന്നത്. തനിക്കെതിരായ പ്രചാരണങ്ങള്‍ കള്ളമാണെന്ന് ലോകം അറിയുമ്പോള്‍ പ്രശ്നം തീരുമെന്നാണ് മർവയുടെ പക്ഷം. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ സഹോദരന്റെ പാത പിന്തുടര്ന്നാണ് മര്‍വ ഈ രംഗത്തെത്തിയത്.