ബാങ്കിൽ മാസ്ക് ധരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; പിൻവലിച്ചത് 5.8 കോടി രൂപ
Saturday, October 23, 2021 6:51 PM IST
കോടീശ്വരനോട് മാസ്ക് ധരിക്കാൻ പറഞ്ഞതിന്റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു ബാങ്ക്. ചൈനയിലാണ് സംഭവം. ബാങ്കിലെത്തിയ കോടീശ്വരനോട് മാസ്ക് ധരിക്കാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇത് പുള്ളിക്ക് തീരെ ഇഷ്ടമായില്ല.
ഉടൻ തന്നെ ബാങ്കിൽ നിന്നും 5.8 കോടി രൂപ പിൻവലിക്കാൻ അദ്ദേഹം തീരുമാനിച്ചു. ബാങ്ക് ഓഫ് ഷാങ്ഹായിൽ നിന്നാണ് 'സൺവെയർ' എന്ന് അറിയപ്പെടുന്ന സമ്പന്നൻ വൻതുക പിൻവലിച്ചത്. ഒരു ദിവസം പിൻവലിക്കാൻ കഴിയുന്ന പരമാവധി തുകയാണിത്.
കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി തരാനും ഇയാൾ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. ജീവനക്കാർ രണ്ട് മണിക്കൂറിലേറെ എടുത്ത് എണ്ണിത്തിട്ടപ്പെടുത്തിയ പണം, മൂന്ന് വലിയ പെട്ടികളിലാക്കി തന്റെ ആഡംബരക്കാറിൽ അദ്ദേഹം കൊണ്ടു പോയി.
ബാങ്കിലെ തന്റെ നിക്ഷേപം പൂർണമായും പിൻവലിക്കാനാണ് കോടീശ്വരന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. എന്നാൽ ജീവനക്കാരന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കി.