രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചയാൾ ഇവിടുണ്ട്
Saturday, January 16, 2021 8:13 PM IST
രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ആരാവും കോവിഡ് വാക്സിൻ ആദ്യം സ്വീകരിച്ചിരിക്കുക? ആരോഗ്യമേഖലയിലെ ഏതെങ്കിലും ഉന്നത സ്ഥാനത്തുള്ളവരാണന്ന് കരുതിയാൽ തെറ്റി. ഒരു സാനിറ്റൈസേഷൻ ജോലിക്കാരനാണ് രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചതെന്നാണ് ഒാദ്യോഗിക അറിയിപ്പ്.
ഡൽഹി എയിംസിലെ ജോലിക്കാരനായ മനീഷ് കുമാറാണ് വാക്സിൻ സ്വീകരിച്ചത്. രാവിലെ ആശുപത്രിയിലെത്തിയ മനീഷ് കണ്ടത് വാക്സിനെടുക്കാൻ പേടിച്ച് നിൽക്കുന്ന ആശുപത്രി ജീവനക്കാരെയാണ്. ഇതോടെ മനീഷ് വാക്സിൻ സ്വീകരിക്കാൻ സ്വയം മുന്നോട്ട് വരുകയായിരുന്നു. വാക്സിൻ സുരക്ഷിതമാണെന്ന് തന്റെ സഹപ്രവർത്തകരെ ബോധ്യപ്പെടുത്തനാണ് താൻ മുന്നോട്ടുവന്ന് വാക്സിൻ സ്വീകരിച്ചതെന്ന് മനീഷ് പറഞ്ഞു.
എയിംസിൽ എട്ടുവർഷമായി ജോലി ചെയ്യുകയാണ് മനീഷ്. വാക്സിനെ മനീഷിന് പേടിയില്ലെങ്കിലും മനീഷിന്റെ വീട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. വാക്സിനെടുത്ത ശേഷം താൻ അമ്മയോടും ഭാര്യയോടും ആശങ്കപ്പെടേണ്ടന്ന് പറഞ്ഞതായി മനീഷ് പറഞ്ഞു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്സിന് വിതരണം നടക്കുന്നത്.