ആക്ഷന്‍ ഹീറോയിന്‍ യോഡ! ജയില്‍ചാടിയ കൊലപ്പുള്ളിയെ "കടിച്ചു' പിടിച്ച മിടുക്കി
Friday, September 15, 2023 12:41 PM IST
വെബ് ഡെസ്ക്
പോലീസ് നായ്ക്കളുടെ കൂര്‍മബുദ്ധിയെ പറ്റി പ്രത്യേകം പറയേണ്ടതില്ല. തന്‍റെ കടമ എന്താണെന്ന് കൃത്യമായി അറിയുകയും കുറ്റാന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി കൊടുക്കുന്നതിൽ വിദഗ്ധരുമാണ് ഇവർ.

ചില സന്ദര്‍ഭങ്ങളില്‍ പ്രതികളെ കൈയോടെ പിടിക്കാനുള്ള മിടുക്കും ഇവർക്കുണ്ട്. അതിന്‍റെ ഉത്തമ ഉദാഹരണമാണ് പെനിസില്‍വാനിയയില്‍ നിന്നും വ്യാഴാഴ്ച പുറത്ത് വന്ന റിപ്പോര്‍ട്ട്. വനിതാ സുഹൃത്തിനെ മക്കളുടെ മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഡാനിയേലോ കാവല്‍കാന്‍റെ (34) എന്നയാള്‍ ജയില്‍ ചാടി.

2021ലാണ് തർക്കത്തിനിടെ കാവല്‍കാന്‍റെ തന്‍റെ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തുന്നത്. അതീവ സുരക്ഷയുള്ള ജയിലായിട്ടും അയാള്‍ രക്ഷപെട്ടു. റേസര്‍വയറുകള്‍ ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനം മറികടന്നാണ് ഇയാള്‍ ജയിൽചാടിയത്.

റേസര്‍വയര്‍ മറികടക്കാന്‍ ഞണ്ടുകളെ പോലയാണ് ഇയാള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷെ ജയില്‍ചാടി അധികം വൈകാതെ തന്നെ യോഡ എന്ന പോലീസ് പെണ്‍നായ പ്രതിയെ പിടികൂടി.

കാവല്‍കാന്‍റെയെ പിടിക്കാന്‍ ഡ്രോണുള്‍പ്പടെയുള്ള സന്നാഹത്തോടെ എത്തിയ പോലീസ് സംഘം യോഡയേയും കൂടെ കൂട്ടിയിരുന്നു. ജയില്‍ പരിസരത്ത് ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല.


പെന്‍സില്‍വാനിയയില്‍ നിന്നും മുപ്പത് മൈല്‍ ദൂരത്തുള്ള സൗത്ത് കോവേൻട്രി ടൗണിന് സമീപമുള്ള വനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. തിരച്ചിലിനിടെ ഇയാള്‍ മരത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്നത് യോഡ കണ്ടെത്തി.

പെട്ടന്നുള്ള ആക്രമണത്തിലാണ് പ്രതിയെ യോഡ കീഴ്‌പ്പെടുത്തിയത്. അയാളുടെ കൈവശം തോക്കുണ്ടായിരുന്നെങ്കിലും യോഡയുടെ ശരവേഗത്തിലുള്ള ആക്രമണത്തില്‍ പതറിപ്പോകുകയായിരുന്നു.



ഇയാളെ യോഡ കടിച്ചു വലിക്കുന്നതിനിടെ പോലീസ് സംഘമെത്തി പിടികൂടി. യോഡയുടെ മികവിനെ പറ്റി പോലീസ് സംഘം പത്ര സമ്മേളനത്തിലും പറഞ്ഞു. ഡോഗ് സ്‌ക്വാഡിലെ ഏറ്റവും മികച്ച നായ്ക്കളിലൊന്നാണിതെന്നും ഇവര്‍ വ്യക്തമാക്കി.

ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍ പെട്ട യോഡക്ക് നാലു വയസാണ് പ്രായം. യോഡയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.