ജനങ്ങളുടെ ഇടയിൽ പൊട്ടിച്ചിരിച്ച് സ്റ്റാലിൻ; "യുവത്വത്തിന്റെ രഹസ്യം' വെളിപ്പെടുത്തി
Tuesday, September 21, 2021 4:10 PM IST
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സോഷ്യൽ മീഡിയയിലെ താരമാണ്. ജനങ്ങളുമായുള്ള സ്റ്റാലിന്റെ ഇടപെടൽ ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. സ്റ്റാലിൻ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ നിരവധി വീഡിയോകൾ വൈറലാണ്.
പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ കാണാൻ പല കടന്പകളും ഉള്ളപ്പോൾ അധികാരത്തിന്റെ യാതൊരു ഗർവുമില്ലാത്ത മുഖ്യമന്ത്രിയായാണ് സ്റ്റാലിൻ അറിയപ്പെടുന്നത്. പ്രഭാത സവാരിക്കിടെ ചെറു സംഘവുമായി സംസാരിക്കുന്ന സ്റ്റാലിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
'യുവത്വത്തിന്റെ രഹസ്യം' എന്താണെന്ന് ചോദിക്കുന്ന സ്ത്രീയോട് പൊട്ടിച്ചിരിയോടെ മറുപടി നല്കി സ്റ്റാലിന്റെ വീഡിയോയാണിത്. ഡയറ്റ് കൺട്രോളാണ് തന്റെ യുവത്വത്തിന്റെ രഹസ്യമെന്നാണു സ്റ്റാലിന് പറയുന്നത്. ട്രാക്ക് സ്യൂട്ടിട്ടാണ് അറുപത്തിയെട്ടുകാരനായ സ്റ്റാലിനെ വീഡിയോയിൽ കാണുന്നത്.
സ്റ്റാലിന് അവരോടു കുശലാന്വേഷണം നടത്തുന്നതും വീഡിയോയിലുണ്ട്. നേരത്തെ സ്റ്റാലിന് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഡിഎംകെ പങ്കുവച്ചതു വൈറലായിരുന്നു. യോഗ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തില്‍ സ്റ്റാലിന് പറഞ്ഞിരുന്നു.