അമ്യൂസ്മെന്റ് പാര്‍ക്കിൽ വിസ്മയത്തോടെ താലിബാൻ ഭീകരർ; വീഡിയോ വൈറൽ
Wednesday, August 18, 2021 1:39 AM IST
താലിബാന് ഭീകരർ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളില്‍ സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. റോയ്റ്റേഴ്സിന്റെ മാധ്യമ പ്രവര്ത്തകന് ഹമീദ് ഷലീസിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താലിബാന് ഭീകരർ ഇലക്ട്രിക് കാറുകളിലെ റൈഡ് ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
എകെ 4 ഉൾപ്പെടെയുള്ള തോക്കുകളും ഇവരുടെ കൈയിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിൽ ചെറിയ കുതിരകളില്‍ റൈഡ് ആസ്വദിക്കുന്ന താലിബാന് ഭീകരരെയും കാണാം. ഇവരുടെയും കൈയിൽ തോക്കുകളുണ്ട്.
ഇതു കൂടാതെ ട്രംപോലിനിൽ മുകളിലേക്കു താഴേക്കും കുട്ടികളെ പോലെ ചാടുന്നതും തവളച്ചാട്ടം ചാടുന്നതുമെല്ലാം മറ്റൊരു വീഡിയോയിലുണ്ട്. മറ്റൊരു വീഡിയോയിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ താലിബാൻ, അവിടത്തെ ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്ന ദൃശ്യങ്ങളുമുണ്ട്.