ലണ്ടൻ: താൻ ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയ വീടിനെ പിരിയാൻ മനസില്ലാതെ ഒരു 106 വയസുകാരി. ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ വിക്ഹാം പ്രദേശത്തിൽ താമസിക്കുന്ന വിനി ഫ്രെഡ് എന്ന വൃദ്ധയാണ് മാറി താമസിക്കാൻ വേണ്ടപ്പെട്ടവർ പറഞ്ഞിട്ടും 77 വർഷമായി താൻ താമസിക്കുന്ന ഇഷ്ട വീട്ടിൽ തുടരാൻ തീരുമാനിച്ചത്.

1945, രണ്ടാം ലോക മഹായുദ്ധകാലത്താണ് വിനിഫ്രെഡും ഭർത്താവ് ഹെൻട്രിയും ഈ വീട് വാങ്ങുന്നത്. 1997ൽ മരിക്കുന്നതുവരെ ഹെൻട്രി വിനിയ്ക്കൊപ്പം ഈ വീട്ടിലുണ്ടായിരുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ പലയിടങ്ങളിലായി പിരിഞ്ഞെങ്കിലും തങ്ങൾ ഒരുപാട് ബുദ്ധിമുട്ടി വാങ്ങിയ ഈ വീട് തനിക്കെന്നും പ്രിയപ്പെട്ട ഒന്നാണെന്നും അതിനാൽതന്നെ വീടിനെ പിരിയാൻ ആഗ്രഹിക്കുന്നില്ലെന്നും വിനി പറയുന്നു.


ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കം ചെന്ന വീടുകളിൽ ഒന്നായ ഈ വീട് മറ്റുള്ളവർക്കും വലിയ കൗതുകമാണ്. ഇംഗ്ലണ്ടിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വീട്ടുടമ വിനിയാണെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. ഏതായാലും 1945ൽ വെറും 800 പൗണ്ടിന് (76,418 ഇന്ത്യൻ രൂപാ) വാങ്ങിയ ഈ വീടിന്‍റെ ഇപ്പോഴത്തെ വില കേട്ടാൽ ഞെട്ടും; ഏകദേശം 550,000 പൗണ്ടാണ് ( അഞ്ചേ കാൽ കോടിയിലധികം രൂപാ).