ആപ്പിളിനു വീണ്ടും തിരിച്ചടി: ഇന്ത്യയിലെ ഐഫോൺ വില്പന ഇടിഞ്ഞു
ആപ്പിളിനു വീണ്ടും തിരിച്ചടി: ഇന്ത്യയിലെ ഐഫോൺ വില്പന ഇടിഞ്ഞു
Friday, September 30, 2016 11:38 AM IST
ന്യൂഡൽഹി: ഓരോ തവണയും പുതിയ ഐഫോൺ മോഡലുകൾ ആപ്പിൾ പ്രഖ്യാപിക്കുമ്പോഴും ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇന്ത്യയിലും ഈ പ്രവണത കണ്ടുവരുന്നുണ്ട്. എന്നാൽ, ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഇന്ത്യയിൽ ഐഫോൺ വില്പനയ്ക്ക് അത്ര ശുഭകരമായ വളർച്ചയല്ല ഉള്ളത്.

റിസർച്ച് കമ്പനിയായ ജിഎഫ്കെ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 6.3 ശതമാനം വിഹിതമാണ് ഐഫോണിനുള്ളത്. വിപണിയിലെ പുതിയ അവതാരമായ ഓപ്പോ ഐഫോണിനേക്കാളും മുന്നിലാണ്. ഓഗസ്റ്റിലെ വിപണിയിൽ എട്ടു ശതമാനമായിരുന്നു ഓപ്പോയുടെ പങ്ക്. സ്മാർട്ട്ഫോൺ വിപണിയിൽ സാംസംഗ്തന്നെയാണ് മുന്നിൽ. 47 ശതമാനം വിപണിയാണ് സാംസംഗിനുള്ളത്.


20,000 രൂപയ്ക്ക് മുകളിലുള്ള സ്മാർട്ട്ഫോണുകളുടെ വില്പനയിലാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്. ജനുവരി –മാർച്ച് ത്രമാസത്തിൽ 52.3 ശതമാനം വില്പനയുണ്ടായിരുന്ന ഈ വിഭാഗം 35.6 ശതമാനമായി ഇടിഞ്ഞു. ഈ വർഷം ആദ്യം സാംസംഗ് ഗാലക്സി എസ്7ന് എതിരായി ആപ്പിൾ അവതരിപ്പിച്ച ഐഫോൺ എസ്ഇ വേണ്ടരീതിയിൽ വിപണിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഉത്സവസീസണായ ഈ മാസം ഇന്ത്യൻ വിപണിയിൽ എത്തുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 7, 7പ്ലസ് മോഡലുകൾ വിപണി പിടിച്ചാൽ ആപ്പിളിന് ഇന്ത്യൻ മാർക്കറ്റ് വീണ്ടും പ്രതീക്ഷ നല്കിയേക്കാം. ഈ മാസം ഏഴിന് പുതിയ ഐഫോണുകൾ ഇന്ത്യൻ വിപണിയിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.