ജെയ്ഷ: കേന്ദ്രം അന്വേഷിക്കും
ജെയ്ഷ: കേന്ദ്രം അന്വേഷിക്കും
Tuesday, August 23, 2016 11:24 AM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ഒളിമ്പിക് മാരത്തണിൽ ഓടിത്തളർന്ന താനുൾപ്പടെയുള്ളവർക്കു വെള്ളം പോലും നൽകാൻ ഇന്ത്യൻ ഒഫീഷലുകൾ എത്തിയില്ലെന്ന മലയാളി താരം ഒ.പി. ജെയ്ഷയുടെ ആരോപണത്തെക്കുറിച്ചു അന്വേഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു. സ്പോർട്സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഓങ്കാർ കേദിയ, ഡയറക്ടർ വിവേക് നാരായണൻ എന്നിവരെയാണ് ജയ്ഷയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര യുവജനക്ഷേമ–കായിക സഹമന്ത്രി വിജയ് ഗോയൽ നിയോഗിച്ചത്. ഏഴു ദിവസത്തിനുള്ളിൽ ജെയ്ഷയുടെ പരാതിയിൽ സമിതി അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിക്കും.

ഒളിമ്പിക്സ് മാരത്തൺ മത്സരത്തിനൊടുവിൽ തളർന്ന് അവശയായ ജെയ്ഷയ്ക്ക് ഓട്ടത്തിനിടെ റിഫ്രഷ്മെന്റ് പോയിന്റുകളിൽ വെള്ളമോ എനർജി ഡ്രിങ്കുകളോ നൽകാൻ ഇന്ത്യൻ ഒഫീഷലുകൾ ഉണ്ടായില്ലെന്നു വ്യാപകമായ മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടുവെന്ന് ഇന്നലെ കായിക മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്‌തമാക്കുന്നു. മറ്റെല്ലാ രാജ്യങ്ങളുടെയും താരങ്ങൾ മത്സരിക്കുമ്പോൾ ഓരോ രണ്ടര കിലോമീറ്ററിലും ഈ സൗകര്യങ്ങൾ ലഭ്യമാക്കിയിരുന്നു. വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ ജയ്ഷയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി വിജയ് ഗോയൽ രണ്ടംഗ സമിതിയെ നിയോഗിച്ചുവെന്നുമാണു പത്രക്കുറിപ്പിൽ വ്യക്‌തമാക്കുന്നത്.

ഒളിമ്പിക്സ് മാരത്തണിൽ മത്സരിച്ച തനിക്കും കവിത റാവത്തിനും വെള്ളം പോലും നൽകാൻ ഇന്ത്യൻ ഒഫീഷലുകൾ എത്തിയില്ലെന്നായിരുന്നു ഒ.പി. ജെയ്ഷയുടെ ആരോപണം. മറ്റു രാജ്യങ്ങൾ തങ്ങളുടെ താരങ്ങൾക്കു വെള്ളവും മറ്റുമായി കൂടെത്തന്നെ നിന്നപ്പോൾ ഇന്ത്യക്കുവേണ്ടി ഓടിയ തനിക്ക് ഒരു തുള്ളി വെള്ളം നൽകാൻ പോലും ആരുമുണ്ടായില്ല. മത്സരശേഷം മൂന്നു മണിക്കൂർ നേരമാണു താൻ അബോധാവസ്‌ഥയിൽ കിടന്നത്.

ഒടുവിൽ റിയോയിലെ സംഘാടക സമിതിയിലെ ആളുകളാണു തന്നെ രക്ഷിച്ചതെന്നും അവർ തന്റെ ശരീരത്തിൽ കുത്തിവച്ച ഏഴു ബോട്ടിൽ ഗ്ലൂക്കോസാണു തന്നെ എഴുന്നേൽപ്പിച്ചു നടത്തിയതെന്നുമാണ് ജെയ്ഷ പറയുന്നത്.

<ആ>അത്ലറ്റിക് ഫെഡറേഷൻ പറയുന്നത്...

ഒളിമ്പിക്സ് മാരത്തൺ മത്സരത്തിനിടെ വെള്ളം നൽകിയില്ലെന്ന മലയാളി താരം ഒ.പി. ജെയ്ഷയുടെ ആരോപണം അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തള്ളിക്കളഞ്ഞു. ഒ.പി. ജെയ്ഷയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമായ കാര്യങ്ങളാണ്. പ്രത്യേകം കുടിവെള്ളം ആവശ്യമുണ്ടെന്ന് ജെയ്ഷ അധികൃതരെ അറിയിച്ചിരുന്നില്ല.
മത്സരാർഥികൾക്കു വെള്ളം വിതരണം ചെയ്യേണ്ട ചുമതല സംഘാടകർക്കാണെന്നും ഫെഡറേഷൻ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി. തങ്ങൾ നൽകിയ എനർജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് എഎഫ്ഐയുടെ സെക്രട്ടറിയും ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ സി.കെ വത്സൻ പറഞ്ഞു. മത്സരിച്ച 168 പേരിൽ 89–ാമതായാണു ജെയ്ഷ ഫിനിഷ് ചെയ്തത്. ഒളിമ്പിക്സിലെ മോശം പ്രകടനത്തെ മറികടക്കാനാണു ജെയ്ഷയുടെ ആരോപണങ്ങളെന്നാണ് വത്സൻ പറഞ്ഞു.


താരത്തിന് സ്വന്തം ഡ്രിങ്കുകളില്ലെങ്കിൽ ഒഫീഷ്യലുകൾക്ക് റിഫ്രഷ്മെന്റ് മേഖലയിലേക്ക് കടക്കാനാവില്ല. എട്ടു കുപ്പികളാണു സംഘാടകർ നൽകിയിരുന്നത്. അതിലേക്ക് സ്വന്തം പാനീയങ്ങളുണ്ടെങ്കിൽ നിറച്ച് നൽകണമെന്നാണ് വ്യവസ്‌ഥ.

ജെയ്ഷയും പരിശീലകൻ നികോളായും സ്വന്തം ഡ്രിങ്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. അതുകൊണ്ട് റിഫ്രഷ്മെന്റ് മേഖലയിലേക്ക് കടക്കാനും സാധിച്ചില്ലെന്ന് വൽസൻ പറഞ്ഞു.

<ആ>ജെയ്ഷയുടെ മറുപടി

അത്ലറ്റിക് ഫെഡറേഷന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജെയ്ഷയും രംഗത്തെത്തി. താൻ കള്ളം പറഞ്ഞതാണെന്ന് തെളിഞ്ഞാൽ കായിക രംഗത്ത് നിന്ന് വിടവാങ്ങുമെന്നാണു ജെയ്ഷ പറഞ്ഞത്. അത്ലറ്റിക് ഫെഡറേഷനാണ് കളവ് പറയുന്നത്. വർഷങ്ങളായി കായിക രംഗത്തുള്ള താൻ ഇതുവരെ ഫെഡറേഷനെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും ജെയ്ഷ പറയുന്നു. താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും തനിക്കു നുണപറയേണ്ട കാര്യമില്ലെന്നുമാണ് ജെയ്ഷയുടെ വിശദീകരണം.

<ആ>കവിത കൂട്ടിനില്ല

ജെയ്ഷയുടെ ആരോപണത്തിനു കടകവിരുദ്ധമാണ് കവിത റാവത്തിന്റെ പ്രതികരണം. വ്യക്‌തിഗതമായി വെള്ളമോ എനർജി ഡ്രിങ്കോ വേണമെങ്കിൽ തങ്ങൾക്കു നൽകിയിരിക്കുന്ന ബോട്ടിലിലാക്കി ഒഫീഷലുകൾക്കു കൈമാറണമെന്ന് അസംബ്ലി സമയത്ത് തങ്ങളോടു നിർദേശിച്ചിരുന്നു എന്നാണ് കവിത പറയുന്നത്. തനിക്ക് വെള്ളം ലഭിച്ചില്ലെന്ന കാര്യത്തിൽ പരാതിയൊന്നുമില്ലെന്നും കവിത പറയുന്നു.

<ആ>വെള്ളം വരാതിരുന്ന വഴി

കുടിവെള്ളം, ഗ്ലൂക്കോസ്, എനർജി ജെല്ലുകൾ എന്നിവ മാരത്തൺ താരങ്ങൾക്ക് മത്സരങ്ങൾക്കിടെ അതത് രാജ്യങ്ങൾ നൽകാറുണ്ട്. ഓരോ രണ്ടര കിലോമീറ്റർ പിന്നിടുമ്പോഴാണ് താരങ്ങൾക്ക് ഇവ നൽകുക.

എന്നാൽ, മാരത്തൺ ഓടുന്ന നിരത്തുകളിലുള്ള ഇന്ത്യൻ ഡെസ്കുകൾ കാലിയായിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളിൽനിന്ന് കുടിവെള്ളവും മറ്റും എടുക്കുന്നത് അയോഗ്യയാക്കപ്പെടാനും ഇടയാക്കും. ജെയ്ഷക്ക് ഒരു പരിധിവരെ സഹായകരമായത് ഒളിമ്പിക് കമ്മിറ്റി തയാറാക്കിയ ഡസ്ക്കുകളാണ്. എട്ടു കിലോമീറ്റർ പിന്നിടുമ്പോൾ മാത്രമേ അവ കുടിവെള്ളം ലഭ്യമാക്കിയിരുന്നുള്ളൂ.

ഈവിഷയത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.