കേരള താരങ്ങളുടെ ബൗളിംഗ് മൂർച്ച കൂട്ടാൻ ജെഫ് തോംസൺ
Tuesday, August 30, 2016 11:10 AM IST
കൊച്ചി: കേരള ക്രിക്കറ്റിലെ ബൗളിംഗ് താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് ബൗളിംഗ് ഫൗണ്ടേഷൻ തുടങ്ങുന്നു. മുൻ ഓസ്ട്രേലിയൻ പേസ് ബൗളർ ജെഫ് തോംസൺ ബൗളർമാർക്ക് പരിശീലനം നൽകും. ഫൗണ്ടേഷന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഞ്ചിംഗും കൊച്ചിയിൽ നടന്നു. വയനാട് കൃഷ്ണഗിരിയിലുള്ള കെസിഎയുടെ ഹൈ ആൾട്ടിറ്റ്യൂട്ട് സ്റ്റേഡിയത്തിലായിരിക്കും ബൗളിംഗ് ഫൗണ്ടേഷന്റെ പ്രവർത്തനം.

സെപ്റ്റംബർ ഒന്നു മുതൽ 16 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ജെഫ് തോംസൺ ബൗളർമാർക്ക് പരിശീലനം നൽകും. രഞ്ജി ട്രോഫിക്കായുള്ള കേരളത്തിന്റെ അണ്ടർ 23, അണ്ടർ 19 ടീം ബൗളർമാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. 25 പേസ് ബൗളർമാരും 15 പേസ് മീഡിയം ബൗളർമാരും പരിശീലന ക്യാമ്പിലുണ്ടാവും. പരിശീലന സമയത്തെ വീഡിയോ പരിശോധിച്ചശേഷം ഇവരിൽ മികച്ച പ്രകടനം നടത്തിയ 30 പേരെ രണ്ടാംഘട്ട പരിശീലനത്തിനായി തെരഞ്ഞെടുക്കും.

ബൗളർമാരുടെ ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങളിൽ ജെഫ് തോംസൺ നിർദേശങ്ങൾ നൽകും. അടുത്ത ഏപ്രിലിൽ നടക്കുന്ന രണ്ടാംഘട്ട പരിശീലനത്തിൽ മുൻ ഇന്ത്യൻ ബൗളർ ടിനു യോഹന്നാനും ജെഫ് തോംസനൊപ്പം കളിക്കാരെ പരിശീലിപ്പിക്കും. അടുത്ത മേയിലായിരിക്കും ഓപ്പൺ ട്രയൽസ്.


നേരത്തേ മഹാരാഷ്ട്ര, കർണാടക ക്രിക്കറ്റ് അസോസിയേഷനുകളുമായി സഹകരിച്ച് ഐഡിബിഐ മുംബൈയിലും ബംഗളൂരുവിലും ജെഫ് തോംസണിന്റെ നേതൃത്വത്തിൽ ബൗളിംഗ് പരിശീലനം സംഘടിപ്പിച്ചിരുന്നു. കേരളത്തിൽനിന്ന് സമർഥരായ ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തി ലോകോത്തര നിലവാരമുള്ള ബൗളർമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൗളിംഗ് ഫൗണ്ടേഷൻ സ്‌ഥാപിക്കുന്നത്. സംസ്‌ഥാനത്ത് ആഭ്യന്തര, രാജ്യാന്തര മത്സരങ്ങൾ എന്ന ലക്ഷ്യവും ഫൗണ്ടേഷനുണ്ട്. ഇന്ത്യയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുംബൈയിലും ബംഗളൂരുവിലും മികച്ച കളിക്കാർക്ക് പരിശീലനം നൽകിയശേഷം ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെത്തിയതെന്നും ജെഫ് തോംസൺ പറഞ്ഞു. ചടങ്ങിൽ ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് സിഇഒയും മുൻ മുംബൈ പേസറുമായ വിഘ്നേഷ് സഹാനെ, ഡോ. മകരന്ദ് വൈഗങ്കർ, കെസിഎ പ്രസിഡന്റ് ടി.സി. മാത്യു, സെക്രട്ടറി അനന്തനാരായണൻ തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.