പാലക്കാടിനു നല്ല നടത്തം
പാലക്കാടിനു നല്ല നടത്തം
Monday, December 5, 2016 2:22 PM IST
തേഞ്ഞിപ്പലം: സംസ്‌ഥാന സ്കൂൾ കായികമേളയിൽ നടക്കേണ്ടതെങ്ങനെയെന്നു മൂന്നാം ദിനം പാലക്കാട്ടുകാർ മറ്റുള്ളവർക്കു കാണിച്ചുകൊടുത്തു. നടത്തത്തിൽ ഇന്നലെയുണ്ടായിരുന്ന മൂന്നു സ്വർണവും പാലക്കാടിനാണ്. അഞ്ചു കിലോമീറ്റർ സീനിയർ വിഭാഗത്തിലെ രണ്ടു സ്വർണവും മൂന്നു കിലോമീറ്റർ ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിലെ സ്വർണവുമാണ് പാലക്കാടിന്റെ കുട്ടികൾ നടന്നു നേടിയത്. ആകെയുളള ഒമ്പതു മെഡലുകളിൽ ആറെണ്ണവും പാലക്കാടിനാണ്.

സീനിയർ ആൺകുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തത്തിൽ പാലക്കാട് പറളിയുടെ എ. അനീഷ് റിക്കാർഡോടെ സ്വർണം സ്വന്തമാക്കി. 21 മിനിറ്റ് 50.30 മീറ്ററിൽ അഞ്ചുകിലോമീറ്റർ നടന്നു തീർത്ത അനീഷ് പഴങ്കഥയാക്കിയത് പറളിയുടെ തന്നെ എം. ഷിഹാബുദീൻ 2007ൽ കുറിച്ച 21 മിനിറ്റ് 57 സെക്കൻഡിന്റെ റിക്കാർഡാണ്. പറളിയുടെ തന്നെ സി.ടി . നിതീഷ് 21 മിനിറ്റ് 53.59 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി സ്വന്തമാക്കി. 23 മിനിറ്റ് 02.53 സെക്കൻഡിൽ ഫിനിഷ് ചെയ്ത തിരുവനന്തപുരം സായിയുടെ പി. പ്രകാശിനാണ് വെങ്കലം.

സീനിയർ പെൺകുട്ടികളുടെ അഞ്ചു കിലോമീറ്റർ വിഭാഗത്തിലെ ആദ്യ രണ്ടു മെഡലുകളും മുണ്ടൂർ സ്കൂൾ സ്വന്തമാക്കി. സി.കെ. ശ്രീജ 25 മിനിറ്റ് 56.92 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയപ്പോൾ. എസ്. വൈദേഹി 25 മിനിറ്റ് 00.41 സെക്കൻഡിൽ വെള്ളി നേടി. കോഴിക്കോട് പുല്ലൂരാംപാറ സെന്റ്. ജോസഫ് എച്ച്എസിലെ കെ. ആർ സുജിതയ്ക്കാണ് വെങ്കലം. 25 മിനിറ്റ് 27.47 മിനിറ്റിലാണ് സുജിത ഫിനിഷ് ചെയ്തത്.

മൂന്നു കിലോമീറ്റർ ജൂണിയർ പെൺകുട്ടികളുടെ നടത്തത്തിൽ സ്വർണവും വെള്ളിയും സ്വന്തമാക്കിയത് കല്ലടി സ്കൂളിലെ കുട്ടികളാണ്. സാന്ദ്ര സുരേന്ദ്രൻ 14മിനിറ്റ് 18.51 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ 14 മിനിറ്റ് 45.53 മിനിറ്റിൽ ഫിനിഷ് ചെയ്ത കെ. അക്ഷയയ്ക്കാണ് വെള്ളി. കോതമംഗലം മാർ ബേസിലിന്റെ ആർ. ആരതി 15 മിനിറ്റ്. 00.16 സെക്കൻഡിൽ വെങ്കലം സ്വന്തമാക്കി.

ഇർഫാനെ പോലെ ഞാനും നടന്നു മുന്നേറും: ഇന്ത്യൻ ജഴ്സി അണിയും

തേഞ്ഞിപ്പലം: ഇന്ത്യയെ പ്രതിനിധീകരിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കളത്തിലിറങ്ങണം. ബഹുദൂരം നടന്നു മുന്നേറണം. നേട്ടങ്ങൾ കൈവരിക്കണം. അതും ഒളിമ്പ്യൻ ഇർഫാനെ പോലെ. സംസ്‌ഥാന കായികോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ നടത്തത്തിൽ റിക്കാർഡോടെ സ്വർണം നേടിയ പാലക്കാട് പറളി എച്ച്എസിലെ എ.അനീഷിനാണ് ഇന്ത്യൻ ജഴ്സി അണിയാൻ മോഹം. 2007ൽ സ്വന്തം സ്കൂളിലെ എം. ശിഹാബുദീന്റെ 21:57:00 എന്ന റിക്കാർഡാണ് 21:50:00 എന്നാക്കി അനീഷ് തിരുത്തിയത്. ജൂണിയറിൽ സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സ്വർണവും കഴിഞ്ഞ തവണ സീനിയർ വിഭാഗത്തിലും സ്വർണപ്പതക്കം ചൂടിയ അനീഷിന് അവസാന സ്കൂൾ മീറ്റ് റിക്കാർഡ് നേട്ടത്തോടെ അവിസ്മരണീയമാക്കുകയായിരുന്നു.

ലോറി ഡ്രൈവറായ അച്ഛൻ അപ്പു മണിയനും അമ്മ ഉഷയും സഹോദരി അഞ്ജനയും അടങ്ങുന്ന കുടുംബത്തിൽ നിന്ന് ലഭിക്കുന്ന മികച്ച പിന്തുണയിലാണ് അനീഷിന്റെ മുന്നേറ്റം. വീട്ടിൽ നിന്ന് 20 കിലോമീറ്റർ ദൂരെയുള്ള സ്കൂളിൽ പരിശീലനത്തിന് പുലർച്ചെ അഞ്ചിന് വീട്ടിൽ നിന്നിറങ്ങും പരിശീലനം അവസാനിപ്പിച്ച് വീട്ടിലെത്തുമ്പോൾ രാത്രി ഒമ്പതാകും. കഠിനാധ്വാനത്തിന്റെ ഫലം വൈകാതെ തന്നെ അനീഷിനെ ഉയരങ്ങളിലെത്തുക്കുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകൻ മനോജ് പറഞ്ഞു.

ഹാമർ ത്രോയിൽ മീറ്റ് റിക്കാർഡിട്ട് സുധീഷ്

വി. മനോജ്

തേഞ്ഞിപ്പലം: സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ മീറ്റ് റിക്കാർഡുമായി വി.എസ്. സുധീഷിന്റെ തകർപ്പൻ പ്രകടനം. പാലക്കാട് പറളി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ സുധീഷ് 48.7 മീറ്ററോടെയാണ് റിക്കാർഡിട്ടത്. പാലക്കാട് പറളി വില്ലേങ്കാട് പരേതനായ സുകുമാരന്റെയും മാധവിയുടെയും മകനാണ് സുധീഷ്. കഴിഞ്ഞവർഷം സ്കൂൾ കായികമേളയിൽ അഞ്ചാമതായിരുന്ന സുധീഷ് ഇത്തവണ മികച്ച പരിശീലനത്തിലൂടെ ഒന്നാമതെത്തുകയായിരുന്നു. 2012ൽ മാർബേസിൽ സ്കൂളിലെ അഭിലാഷ് സ്‌ഥാപിച്ച 46.93 മീറ്ററിന്റെ റിക്കാർഡാണ് സുധീഷ് പിന്നിട്ടത്.

സംസ്‌ഥാന സ്കൂൾ കായികമേളയിൽ ഹാമർത്രോയിൽ പാലക്കാട്ടു നിന്നു ഇതുവരെ മീറ്റ് റിക്കാർഡ് ഭേദിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. നേരത്തെ ജൂണിയർ നാഷണലിൽ പങ്കെടുത്തിരുന്നു. സംസ്‌ഥാന ജൂണിയറിൽ ഒന്നാമതായിരുന്നു സ്‌ഥാനം. കായികാധ്യാപകൻ പി.ജി. മനോജ് ആയിരുന്നു പരിശീലകൻ.

കൂലിപ്പണിയെടുത്താണ് മാതാവ് മാധവി ജീവിതമാർഗം കണ്ടെത്തുന്നത്. മറ്റു കായികയിനങ്ങളേക്കാൾ കൂടുതൽ പ്രോത്സാഹനവും ആരോഗ്യപരമായ കരുത്തും ആർജിക്കേണ്ട ഇനമാണ് ഹാമർ ത്രോ. ഈരംഗത്തു കൂടുതൽ പ്രോത്സാഹനമാണ് സുധീഷ് ആഗ്രഹിക്കുന്നത്. ഏക സഹോദരൻ സുരേഷ് മെഡിക്കൽ റെപ്രസന്റേറ്റീവാണ്.

ട്രിപ്പിൾജംപിൽ ലിസ്ബത്ത് കരോളിൻ ജോസഫിനു സ്വർണം

തേഞ്ഞിപ്പലം: ട്രിപ്പിൾജംപിൽ മികച്ച പ്രകടനത്തോടെ സ്വർണം നേടി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥിനി ലിസ്ബത്ത് കരോളിൻ ജോസഫ്. പ്ലസ്വൺ വിദ്യാർഥിനിയായ ലിസ്ബത്ത് 12.67 മീറ്ററോടെയാണ് സ്വർണമണിഞ്ഞത്. പുല്ലൂരാംപാറ കൊല്ലിത്താനം സജി ഏബ്രഹാമിന്റെയും ലെൻസിയുടെയും മകളാണ്.

കായികോത്സവത്തിന് ആവേശം പകർന്നു ഫേസ്

തേഞ്ഞിപ്പലം: സംസ്‌ഥാന സ്കൂൾ കായികോത്സവത്തിന്റെ മൂന്നാം ദിനത്തിൽ സിഎച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ എത്തിയ ഒരു കൂട്ടം അതിഥികൾ കാണികളുടെയും കായികതാരങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയാണ് മടങ്ങിയത്. മറ്റുള്ളവരെല്ലാം മത്സരത്തിന്റെ ആവേശത്തോടെ ഓടി നടന്നപ്പോൾ ഇവർ മത്സരങ്ങൾ കണ്ടത് വീൽച്ചെയറിലിരുന്നായിരുന്നു. ഇവരെല്ലാവരും ഒരു കായികമേളകാണാനെത്തുന്നത് ആദ്യമായാണ്. വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നവരായിരുന്നു അവരിൽ പലരും. പരപ്പനങ്ങാടി സ്വദേശി ഷാഫിയ്ക്കും ചേളാരി സ്വദേശി സാജിതയ്ക്കുമെല്ലാം ഒരു പുത്തൻ അനുഭവം തന്നെയായി ഇത്.

മലപ്പുറം പരപ്പനങ്ങാടി ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ഫേസ് ഫൗണ്ടെഷൻ ഓഫ് ഇന്ത്യ എന്ന സംഘടനയിലെ അംഗങ്ങളാണ് ഇവർ“ “ മാറാൻ ഒരു മാത്രമതി... മാറ്റം ആഗ്രഹിക്കുന്നവർ”്”. ഇതാണ് ഫേസിന്റെ തലവാചകം. ഈ തലവാചകത്തിൽ പറയുന്നതു പോലെതന്നെ മാറ്റത്തിന്റെ പുതിയ മുഖമാവുകയാണ് ഫേസ്. 2013ലാണ് ഈ സംഘടന പിറവിയെടുക്കുന്നത്.

ഭിന്നശേഷിയുള്ളവരെ കണ്ടെത്തി അവർക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. അർഹരായ ആളുകളെ ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് കണ്ടെത്തുന്നത്. പലരിലൂടെ കേട്ടറിഞ്ഞും ആളുകൾ ഫേസിലേക്കെത്തുന്നു.

കമ്പ്യൂട്ടർ ബെയ്സിക്, ഗ്രാഫിക് ഡിസൈനിംഗ്, ഫാഷൻ ഡിസൈനിംഗ്,പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്, മൊബൈൽ ഫോൺ ടെക്നോളജി തുടങ്ങി തൊഴിൽപരമായ വിവിധ കോഴ്സുകളാണ് ഫേസിലൂടെ നൽകുന്നത്. ഇതിനായി അവധിക്കാലത്ത് എട്ടു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. 2013ലാണ് ആദ്യമായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇൻസപയർ എന്നാണ് ക്യാമ്പിന് നൽകിയിരിക്കുന്നത്. ആദ്യ ക്യാമ്പിൽ 23 പേരാണ് പങ്കെടുത്തത് എല്ലാവർക്കും തന്നെ വിവിധ തൊഴിൽ മേഖലയിൽ പരിശീലനം നൽകാൻ ഇവർക്കായി. ഈ മാസം ഡിസംബർ 24 മുതൽ 31 വരെ പരപ്പനങ്ങാടി പാലത്തിങ്കൽ യു.പി സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിൽ പരിശീലനം നേടാനായി ഇതുവരെ 25 പേർ രജിസ്ട്രർ ചെയ്തു കഴിഞ്ഞു. എന്നാൽ ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന 12 പേർക്കുമാത്രമേ ഇത്തവണ പരിശീലനം നൽകുകയുള്ളൂവെന്ന് സംഘാടകർ പറയുന്നു.

ഇത്തരത്തിൽ തൊഴിൽ പരിശീലനം ലഭിച്ച ആശുപത്രികൾ, ഗവൺമെന്റ് സ്‌ഥാപനങ്ങൾ തുടങ്ങിയിടങ്ങളിൽ ജോലി ചെയ്യുന്നുമുണ്ട്. കേരളാ സംസ്‌ഥാന വീൽച്ചെയർ ബാസ്ക്കറ്റ് ബോൾ ടീമിൽ കളിച്ചിട്ടുള്ള റിയാസ് തിക്കോടി ഫേസ് അംഗമാണ്.

ഫേസിലെ അംഗങ്ങളുടെ മ്യൂസിക്, കോൽക്കളി ടീമുകളും വിവിധയിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നു. ഇവരിൽ പലരുടെ സ്വപ്നമായ ഡ്രൈവിംഗ് ലൈസൻസും അടുത്തിടെ ഫേസിന്റെ കൂട്ടായ ശ്രമഫലമായി നേടിയെടുക്കാനായി. അതിനാൽ തന്നെ സ്കൂൾ മീറ്റിലേക്ക് പലരും എത്തിയത് പ്രത്യേകം രൂപകൽപ്പന ചെയ്ത സ്വന്തം വാഹനം സ്വന്തം വാഹനം ഓടിച്ചുകൊണ്ടാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് സംഘടന പ്രവർത്തനധനം സ്വരൂപിക്കുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുറബിന്റെ സഹോദരൻ പി. കെ അൻവർ നഹയാണ് സംഘടനയുടെ പ്രസിഡന്റ്.പി.ഒ മുഹമ്മദ് നയിമാണ് സെക്രട്ടറി.ഫേസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.


മറ്റൊരു ജാബിർ ഇനിയെന്ന് ?

മലപ്പുറം: കളിക്കളത്തിൽ ആരവം തീർത്ത് ജാബിർ കായിക കേരളത്തോടു വിടപറഞ്ഞു. മലപ്പുറത്തിന്റെ കളിമുറ്റങ്ങളിൽ നിറഞ്ഞു നിന്ന് പിന്നീട് കേരള പോലീസിന്റെ തട്ടകത്തിലേക്കു ചേക്കേറിയ മലപ്പുറം അരീക്കോട്ടുകാരൻ സി. ജാബിർ ഇനി ഓർമകളിൽ. കഴിഞ്ഞദിവസം കൊണ്ടോട്ടിക്കടുത്ത് ജാബിർ സഞ്ചരിച്ച കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം ദാരുണമായി മരിച്ചത്. കളിക്കളത്തിൽ സുന്ദരനിമിഷങ്ങൾ സമ്മാനിച്ച ജാബിർ ഒടുവിൽ വിധിയുടെ ചുവപ്പുകാർഡു ഏറ്റുവാങ്ങുകയായിരുന്നു. എന്നും ഫുട്ബോളിനൊപ്പമായിരുന്നു ജാബിറിനെ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ ജാബിറിന്റെ സാന്നിധ്യം പോലും മലപ്പുറത്തെ കായികപ്രേമികൾക്ക് ഇഷ്‌ടമായിരുന്നു. ആളുകളുമായി അടുത്തിടപഴകിയിരുന്ന ജാബിർ കളിക്കളത്തിൽ തികച്ചും വ്യത്യസ്തനായിരുന്നു. കേരളാപോലീസിന്റെ സുവർണനാളുകളിലാണ് ജാബിറിന്റെയും പ്രകടനം കണ്ടത്. അരീക്കോട്ടെ തെരട്ടമ്മൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജാബിർ പന്തു തട്ടിയിരുന്നു. തുടർന്നു മമ്പാട്ടെ അഷ്റഫ് മാഷ്് അദ്ദേഹത്തെ എംഇഎസ് കോളജിലേക്കു കൊണ്ടുവന്നു. കോളജ് പഠനകാലത്ത് കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു വേണ്ടി കളത്തിലിറങ്ങി.

മികച്ച പ്രകടനം കാഴ്ചവച്ച ജാബിർ പിന്നീട് നാട്ടുകാരനായ യു. ഷറഫലിയുടെ ഇടപെടലിൽ കേരളാപോലീസിലെത്തി. അവിടെ പ്രശസ്ത കോച്ച് ടി.കെ. ചാത്തുണ്ണിയുടെ പരിശീലനത്തിൽ ജാബിർ ഏറെ മെച്ചപ്പെട്ടു. പിന്നീടങ്ങോട്ട് ജാബിർ കളി തുടങ്ങി. പോലീസ് ടീം തൃശൂരിൽ സാൽഗോക്കർ ഗോവയെ തോൽപ്പിച്ചു ഫെഡറേഷൻ കപ്പ് ജേതാക്കളാകുമ്പോൾ ജാബിർ ടീമംഗമായിരുന്നു. ഹാഫ് ബാക്കായിരുന്നു സ്‌ഥാനമെങ്കിലും ജാബിറിനെ എവിടെയും കാണാമായിരുന്നുവെന്നു ചാത്തുണ്ണി ഓർക്കുന്നു. എതിർനിരയുടെ ആക്രമണങ്ങളെ തടുത്ത് മുൻനിരയിലേക്കു പന്തെത്തിക്കാൻ മിടുക്കനായ ജാബിർ എതിരാളികൾക്കു പലവട്ടം തലവേദന സൃഷ്‌ടിച്ചിരുന്നു. കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിവുള്ള വ്യക്‌തിയായിരുന്നു ജാബിറെന്നു കൂട്ടുകാരും പറയുന്നു. മലപ്പുറം മേൽമുറി എംഎസ്പി ആംഡ് പോലീസ് ഇൻസ്പെക്ടറായിരുന്നു ജാബിർ.

കേരള പോലീസ് തൃശൂരിനു ശേഷം തൊട്ടടുത്ത വർഷം കണ്ണൂരിൽ മഹീന്ദ്രയെ തോൽപ്പിച്ചു രണ്ടാംതവണയും ഫെഡറേഷൻ കപ്പ് നേടിയപ്പോഴും ജാബിർ ടീമിനൊപ്പമുണ്ടായിരുന്നു. പിന്നീട് ഡൽഹിയിൽ ഡിസിഎം ട്രോഫിയിലും ജാബിർ കളിച്ചു.

പ്രാഥമിക റൗണ്ടിൽ ദക്ഷിണ കൊറിയൻ യൂണിവേഴ്സിറ്റി ടീമിനെ തോൽപ്പിച്ച കേരളാ പോലീസ്, ഫൈനലിൽ ഇതേ ടീമിനോടു ടൈബ്രേക്കറിൽ പരാജയപ്പെടുകയായിരുന്നു. ഫൈനലിൽ മികച്ച പ്രകടനമാണ് ജാബിർ കാഴ്ചവച്ചതെന്നു കൂട്ടുകാരായ യു. ഷറഫലിയും കുരികേശ് മാത്യുവും ഐ.എം. വിജയനും ഓർക്കുന്നു. പിന്നീട് നടന്ന മിക്ക ചാമ്പ്യൻഷിപ്പുകളിലും ജാബിറുണ്ടായിരുന്നു. 1995ൽ കോൽക്കത്തയിൽ നടന്ന നെഹ്റുകപ്പിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. വി.പി. സത്യൻ നായകനായ ഇന്ത്യൻ ടീമിൽ ജിജു ജേക്കബ്, ജോ പോൾ അഞ്ചേരി, കെ.വി. ധനേഷ്, ജാബിർ അടക്കമുള്ളവരുണ്ടായിരുന്നു. അന്ന് ബൈചുംഗ് ബൂട്ടിയയും ജാബിറും ഒന്നിച്ചാണ് ഇന്ത്യയ്ക്കു വേണ്ടി ആദ്യമായി കളിച്ചത്. അതിനിടെ കേരളാ പോലീസിന്റെ മികച്ച വിജയങ്ങളെത്തുടർന്നു ഇന്ത്യയിലെ പ്രശസ്ത ടീമുകൾ കേരളാപോലീസ് ടീമിനെ ലക്ഷ്യം വച്ചതും പിന്നീട് കണ്ടു.

വി.പി. സത്യൻ, യു. ഷറഫലി, കുരികേശ് മാത്യു, കെ.ടി. ചാക്കോ, സി.വി. പാപ്പച്ചൻ, തോബിയാസ്, അലക്സ് ഏബ്രഹാം, കലാധരൻ, ഐ.എം. വിജയൻ, മെഹബൂബ്, ബാബുരാജ്, സി. ജാബിർ, ഹബീബ് റഹ്മാൻ, സക്കീർ, ലിസ്റ്റൺ, സന്തോഷ്, രാജേന്ദ്രൻ തുടങ്ങിയ കേരളാ പോലീസ് ഫുട്ബോളിലെ പ്രഗത്ഭനിര ഒരുകാലത്ത് ഏവരെയും മോഹിപ്പിച്ചിരുന്നു. ഈ നിരയിൽനിന്ന് വി.പി. സത്യൻ പോയ്മറഞ്ഞു; ഇപ്പോൾ ജാബിറും. അരീക്കോട്ടെ മണ്ണിൽ കളിച്ചുവളർന്ന ജാബിറിനെ അവസാനമായി കണ്ടതും അവിടെ വച്ചു തന്നെയായിരുന്നു. മരണവിവരമറിഞ്ഞ് അദ്ദേഹത്തോടൊപ്പം കളിച്ചവരും കേരളാ പോലീസിന്റെ പരിശീലകരും ഫുട്ബോൾ സുഹൃത്തുക്കളും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലിയാണ് തെരട്ടമ്മൽ മൈതാനത്തു നടന്ന മയ്യത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇന്നലെ എത്തിയത്.

പാവപ്പെട്ടവരുടെ അധ്വാനത്തിന്റെ മേള

പ്രവീൺ നാരായണൻ

തേഞ്ഞിപ്പലം: സംസ്‌ഥാന കായികോത്സവത്തിൽ പതിവു പോലെ കളിക്കളത്തിലിറങ്ങിയ കായിക താരങ്ങളിൽ ഒട്ടുമിക്കവരും സാധാരണക്കാരിൽ സാധാരണക്കാർ. ജീവിത ദുരിതങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും കയ്പു നിറഞ്ഞ അനുഭവങ്ങളിൽ നിന്ന് കഠിനാധ്വാനത്തിന്റെ മാത്രം കരുത്തിലാണ് പല കായിക താരങ്ങളും കളിക്കളത്തിലെത്തി താരങ്ങളായി തിളങ്ങിയത്. കലോത്സവ വേദികളിൽ നിന്ന് വിഭിന്നമായി കെട്ടുകാഴ്ചകളുടെയും പണക്കൊഴുപ്പിന്റെയും വേദിയല്ലാതെ സംസ്‌ഥാന കായികോത്സവം മാറുന്നതും അതുകൊണ്ടാണ്.

കഴിവുള്ളവന്റെ മാത്രം വിജയങ്ങളാണ് സംസ്‌ഥാന കായികോത്സവ വേദിയിൽ. അതുകൊണ്ടു തന്നെ ആ വിജയങ്ങളുടെ മാധുര്യവും കൂടുന്നു. എന്നാൽ, കലോത്സവ വേദികൾക്ക് നൽകുന്ന പകുതി പരിഗണന പോലും ലഭിക്കാതെയാണ് ഓരോ സംസ്‌ഥാന കായികോത്സവവും പടിയിറങ്ങാറ്. ഇത്തവണയും ആ പതിവിന് മാറ്റമുണ്ടായില്ല. കൂലിപ്പണിക്കാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളാണ് മേളയിലെ ഒട്ടുമിക്ക താരങ്ങളും. അവരാകട്ടെ പല സ്പോർട്സ് അക്കാദമികളുടെയും കാരുണ്യത്തിലാണ് ഇത്രയുമെത്തിയത്.

പഠിക്കുന്ന സ്കൂളിന്റെയും നാട്ടിലെ കായിക പ്രേമികളുടെയും രാഷ്ര്‌ടീയ, സന്നദ്ധ സംഘടനകളുടെയും സഹായവും പലർക്കുമുണ്ട്. ഇവരിൽ ഇതൊന്നുമില്ലാതെ തന്നെ സ്വപ്രയ–്നം കൈമുതലാക്കി മുന്നേറിയെത്തിയവരുമുണ്ട്. സംസ്‌ഥാന– ദേശീയ മീറ്റുകളിൽ പല തവണ റെക്കോർഡിട്ട് സ്വർണം ചൂടിയ ബബിതയെയും എ.പി അതുല്യയെയും ചാന്ദ്നിയെയും പോലുള്ളവർക്ക് സ്വന്തമായി നല്ലൊരു വീടു പോലുമില്ല. മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികൾ നൽകിയ വാഗ്ദാനങ്ങൾ പോലും ഇവർക്ക് ഇന്നും അന്യമാണ്.

നന്നായി നടന്ന് കല്ലടിയുടെ കൺമണികൾ


തേഞ്ഞിപ്പലം: മുൻ സ്കൂൾ മേളയിൽ സംസ്‌ഥാന റിക്കാർഡ് മറികടന്ന് ഇത്തവണ ദേശീയ റിക്കാർഡിട്ട സാന്ദ്ര സുരേന്ദ്രനും ഈയിനത്തിൽ വെള്ളി നേടിയ അക്ഷയയും കല്ലടിയുടെ കൺമണികൾ. ജൂണിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിലാണ് പാലക്കാട് കല്ലടി എച്ച്എസ്എസിലെ സാന്ദ്ര ദേശീയ റിക്കാർഡ് തിരുത്തിക്കുറിച്ചത്. കല്ലടിയിലെ തന്നെ അക്ഷയയ്ക്ക് ഈയിനത്തിൽ വെള്ളി ലഭിച്ചത് സ്കൂളിന് ഇരട്ടിമധുരമായി. അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പമായിരുന്നു പാലക്കാട് കല്ലടി എച്ച്എസ്എസിലെ സാന്ദ്രയും അക്ഷയയും.

എന്നാൽ ഒടുവിൽ ദേശീയ റിക്കാർഡും മറികടക്കുന്ന പ്രകടനത്തോടെ സാന്ദ്ര ഏറെ മുന്നിലെത്തി. 14.24 ആണ് മൂവായിരം മീറ്റർ നടത്തത്തിൽ ദേശീയ റിക്കാർഡ്. 14.18 മീറ്റർ നടന്നാണ് സാന്ദ്ര ഈ റിക്കാർഡ് തിരുത്തിക്കുറിച്ചത്. കഴിഞ്ഞ തവണയും ഇതേ ഇനത്തിൽ സാന്ദ്ര സുവർണ നേട്ടത്തിലെത്തിയിരുന്നു. അതേസമയം, ഈ വിഭാഗത്തിൽ കല്ലടി സ്കൂളിലെ തന്നെ അക്ഷയ വെള്ളി നേടിയത് സ്കൂളിന് ഇരട്ടിനേട്ടമായി. പാലക്കാടും എറണാകുളം ജില്ലയും സ്കൂൾ മീറ്റിൽ ഇഞ്ചോടിഞ്ച് മത്സരിക്കുമ്പോൾ ഇരുവരുടെയും നേട്ടം പാലക്കാടിന് നിർണായകമായി. വി.ടി. മിനീഷാണ് ഇരുവരുടെയും പരിശീലകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.