സേവനങ്ങൾക്കും വലിയ കാറിനും ചെലവേറും
സേവനങ്ങൾക്കും വലിയ കാറിനും ചെലവേറും
Tuesday, May 31, 2016 11:32 AM IST
ഇന്ന് ജൂൺ ഒന്ന്; കേന്ദ്രസർക്കാരിന്റെ ചില നികുതിനിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത് ഇന്നുമുതലാണ്. ജീവിതച്ചെലവ് വർധിപ്പിക്കുന്ന നികുതിമാറ്റങ്ങളെപ്പറ്റി ചുവടെ. ഒപ്പം ഇന്നു നടപ്പാകുന്ന കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയെപ്പറ്റിയും.

<ആ>സേവനം ഉപയോഗിച്ചാൽ

ഏതു സേവനം ഉപയോഗിച്ചാലും ഇന്നുമുതൽ അര ശതമാനം സെസ് കൂടി നൽകണം. കൃഷികല്യാൺ സെസ് എന്ന പേരിലുള്ള ഈ സെസ് ചേരുമ്പോൾ സേവനനികുതി 15 ശതമാനമാകും. കഴിഞ്ഞ നവംബറിൽ ചുമത്തിയ സ്വച്ഛ്ഭാരത് സെസിനു പുറമേയാണ് ഈ കൃഷികല്യാൺ സെസ്.

മൊബൈൽ ഫോൺ റീചാർജ് മുതൽ വിമാനടിക്കറ്റിനും വിമാനത്താവളത്തിലെ സേവനങ്ങൾക്കും വരെ ഇന്നുമുതൽ 15 ശതമാനമാണ് സേവനനികുതി. ടെലിഫോൺ ബിൽ, എയർകണ്ടീഷൻഡ് ഹോട്ടലിലെ ഭക്ഷണം, ഓഹരി ഇടപാട്, ബ്യൂട്ടിപാർലർ സേവനം, ബാങ്കുകളിലെ സർവീസ് ചാർജുകൾ, വായ്പകളുടെ പ്രോസസിംഗ് ഫീസ്, കൺസൾട്ടൻസി സേവനങ്ങൾ, എൻജിനിയറിംഗ് സേവനങ്ങൾ, അക്കൗണ്ടിംഗ് സേവനങ്ങൾ, ഇൻഷ്വറൻസ് പോളിസികൾ തുടങ്ങി എല്ലായിനം സേവനമേഖലകളും ഇതിൽവരും.

<ആ>50,000 രൂപ വരെ പിഎഫ് തുക നേരത്തേ പിൻവലിക്കാം

50,000 രൂപ വരെ പിഎഫ് തുക നേരത്തേ പിൻവലിച്ചാൽ ടിഡിഎസ് (സ്രോതസിൽ നികുതി കിഴിവ്) ഇല്ല. 30,000 രൂപ വരെയുള്ളതിനു ടിഡിഎസ് ഏർപ്പെടുത്തിയതാണ് ഇങ്ങനെ മാറ്റിയത്. കാലാവധിയായതു പിൻവലിക്കുമ്പോഴും ടിഡിഎസ് ഇല്ല. നേരത്തേ പിൻവലിക്കുന്നതു നിരുത്സാഹപ്പെടുത്താനാണ് ഈ നികുതി.

<ആ>സ്വർണം വാങ്ങിയാൽ പേടിക്കേണ്ട

രണ്ടു ലക്ഷം രൂപ മുതൽ മുകളിലോട്ടു സ്വർണാഭരണം വാങ്ങുമ്പോൾ ഒരു ശതമാനം നികുതി (ടിസിഎസ് –സ്രോതസിൽ നികുതിപിരിവ്) പിരിക്കണമെന്ന ബജറ്റിലെ വ്യവസ്‌ഥ മാറ്റി. അഞ്ചു ലക്ഷം രൂപ മുതൽ മുകളിലേക്കുള്ള വ്യാപാരങ്ങൾക്കു മതി ഈ നികുതിപിരിവ്. ഇതു മുൻപുള്ള പരിധിയാണ്.

<ആ>വലിയ കാർ വാങ്ങിയാൽ ഒരു ശതമാനംകൂടി

പത്തു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാർ (എസ്യുവി അടക്കം) വാങ്ങിയാൽ വിലയുടെ ഒരു ശതമാനം ടിസിഎസ് ഇന്നു നടപ്പാകും. ഒരുശതമാനം തുക വാങ്ങുന്നയാൾ വ്യാപാരിക്കു നൽകണം. വ്യാപാരി അതിനു രസീത് നൽകും. ഈ രസീത് വാർഷിക റിട്ടേണിനൊപ്പം ഹാജരാക്കാം.


<ആ>ഗൂഗിൾ ടാക്സ് ഇന്നുമുതൽ

ഇന്ത്യയിൽ സ്‌ഥിരം ഓഫീസില്ലാത്ത വിദേശ ടെക്നോളജി കമ്പനികൾക്ക് ഒരുവർഷം ഒരുലക്ഷം രൂപയിൽ കൂടുതൽ സേവന പ്രതിഫലമായി നൽകുന്ന ഇന്ത്യൻ കമ്പനികളും വ്യക്‌തികളും ആറു ശതമാനം സമീകരണ (ഇക്വലൈസേഷൻ) ലെവി പിരിക്കണം എന്ന വ്യവസ്‌ഥ ഇന്നു പ്രാബല്യത്തിൽ വരും. ഗൂഗിളും മറ്റും ഉപയോഗിച്ചു പരസ്യം നടത്തുന്ന കമ്പനികൾക്കും വ്യക്‌തികൾക്കുമൊക്കെയാണ് ഇതു ബാധകമാകുക. ഈയിനം പരസ്യങ്ങൾക്കു ചെലവേറും എന്നു ചുരുക്കം.

<ആ>കള്ളപ്പണം വെളിപ്പെടുത്താം; 45 ശതമാനം നൽകണം

ശിക്ഷ ഭയപ്പെടാതെ കള്ളപ്പണം വെളിപ്പെടുത്താനുള്ള ഒരവസരം ഇന്ന് ആരംഭിക്കുന്നു. സെപ്റ്റംബർ 30 വരെയാണ് സമയം. വെളിപ്പെടുത്തുന്ന തുകയുടെ 30 ശതമാനം നികുതിയും ഏഴര ശതമാനം പിഴയും ഏഴരശതമാനം കൃഷികല്യാൺ സെസുമായി നൽകണം. മൊത്തം 45 ശതമാനം സർക്കാരിനു നൽകണം.

മോദി സർക്കാരിന്റെ രണ്ടാമത്തെ കള്ളപ്പണം വെളിപ്പെടുത്തൽ പദ്ധതിയാണിത്. കഴിഞ്ഞവർഷം വിദേശത്തെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തൽ പദ്ധതി പരാജയമായി. 4164 കോടിരൂപയുടെ വിദേശ കള്ളപ്പണമേ അന്നു വെളിച്ചത്തു വന്നുള്ളൂ.

അഴിമതിയിലൂടെ ഉണ്ടാക്കിയ കള്ളപ്പണത്തിനു പുതിയ സ്കീമിൽ ശിക്ഷാ ഒഴിവ് കിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം കേസുള്ള സ്വത്തുക്കളും വെളിപ്പെടുത്തി രക്ഷപ്പെടാനാവില്ല. മറ്റു തരത്തിൽ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ ആദായനികുതി നിയമപ്രകാരമോ സ്വത്തുനികുതി നിയമപ്രകാരമോ നടപടികളുണ്ടാവില്ല.

സെപ്റ്റംബർ 30–നകം വെളിപ്പെടുത്തുന്ന സമ്പാദ്യത്തിന്മേൽ നികുതി അടയ്ക്കാൻ രണ്ടു മാസംകൂടി ലഭിക്കും. നവംബർ 30–നകം അടച്ചില്ലെങ്കിൽ നിയമാനുസൃത പിഴയും പലിശയും ചുമത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.