ഇന്ദർജിത്തും കുടുങ്ങി
ഇന്ദർജിത്തും കുടുങ്ങി
Tuesday, July 26, 2016 11:49 AM IST
ന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യൻ കായികരംഗത്തെ പിടിച്ചുകുലുക്കിയ ഉത്തേജകമരുന്നു വിവാദം വീണ്ടും. ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷകളെ തല്ലിക്കെടുത്തുകയും മാനക്കേടുണ്ടാക്കുകയും ചെയ്യുന്ന രണ്ടാമത്തെ സംഭവവും ഇതാ. ഗുസ്തി താരം നർസിംഗിനു പിന്നാലെ ഷോട്ട്പുട്ടിൽ മെഡൽ പ്രതീക്ഷയായിരുന്ന ഇന്ദർജിത് സിംഗും ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ആൻഡ്രോസ്റ്റീറോൺ, എറ്റിയോകൊളാനൊളോൻ എന്നിവയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

എ സാമ്പിളിന്റെ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. എന്നാൽ, ബി സാമ്പിൾ പരിശോധനയ്ക്ക് ഇന്ദർജിത് തയാറെങ്കിൽ അതു നടത്തുമെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി വ്യക്‌തമാക്കിയിട്ടുണ്ട്. ഇന്നലത്തന്നെ ബി സാമ്പിൾ പരിശോധനയ്ക്ക് എടുത്തതായും സൂചനയുണ്ട്. ഇതിലും പോസിറ്റീവ് ആകാനുള്ള സാധ്യതയാണുള്ളത്. ഇതോടെ ഇന്ദർജിത് സിംഗിന്റെയും ഒളിമ്പിക് പങ്കാളിത്തം അനിശ്ചിതത്വത്തിലായി. ജൂൺ 22നായിരുന്നു ഇന്ദർജിത്തിന് ആദ്യം ഉത്തേജകമരുന്നു പരിശോധന നടത്തിയത്. എന്നാൽ, ഏതാനും ചില അത്ലറ്റുകൾ കൂടി ഉത്തേജക മരുന്നുപരിശോധനയിൽ പോസിറ്റീവായിട്ടുണ്ടെന്നും അനൗദ്യോഗിക വിവരമുണ്ട്. പോസിറ്റീവായതോടെ ഇന്ദർജിത്ത് നിയമപരമായി ഒളിമ്പിക് ടീമിൽനിന്ന് പുറത്തായിക്കഴിഞ്ഞുവെന്ന് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി ഡയറക്ടർ നവീൺ അഗർവാൾ പറഞ്ഞു.

റിയോ ഒളിമ്പിക്സിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്്ലറ്റാണ് ഇന്ദർജിത് സിംഗ്. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2015ലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയിട്ടുള്ള ഇന്ദർജിത് സിംഗ് ഇന്ത്യ ഏറെ പ്രതീക്ഷ അർപ്പിച്ച താരമായിരുന്നു.

മെഡൽനേടുന്നതിനായുള്ള കഠിന പരിശീലനത്തിലായിരുന്നു ഇന്ദർജിത്. അമേരിക്കയിലായിരുന്നു ഇന്ദർജിത്തിന്റെ വിദഗ്ധ പരിശീലനം. ബി സാമ്പിൾ പരിശോധനയിലും പരാജയപ്പെട്ടാൽ നാലു വർഷം വരെ ഇന്ദർജിത്തിനു വിലക്കു ലഭിക്കാം. ഇന്ത്യൻ ക്യാമ്പിൽനിന്ന് വിട്ട് വ്യക്‌തിഗത കോച്ചിന്റെ കീഴിലായിരുന്നു ഇന്ദർജിത്തിന്റെ പരിശീലനം. അതുകൊണ്ട് പലപ്പോഴും സായി പരിശീലകരുടെയും കായിക അധികാരികളുടെയും വിമർശനത്തിന് ഇന്ദർജിത് വിധേയനായിട്ടുണ്ട്.

അധികാരികളുടെ മോശമായ ഇടപെടലുകൾക്കെതിരേ ഇന്ദർജിത് പലവട്ടം സംസാരിച്ചത് വിവാദമായി. ഉത്തേജക പരിശോധന അടിക്കടിവരുന്നത് അത്ലറ്റുകളുടെ പ്രകടനത്തെ ബാധിക്കുമെന്ന് പലപ്പോഴും ഇന്ദർജീത് സിംഗ് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഗുസ്തിയിൽ മെഡൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന നർസിംഗ് പഞ്ചിംഗ് യാദവ് ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടത്.

ഒളിമ്പിക് ഗുസ്തിയിൽ 74 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈലിൽ മത്സരിക്കേണ്ടിയിരുന്ന നർസിംഗ് സാമ്പിളുകളുടെ എ, ബി പരിശോധനകളിൽ പരാജയപ്പെടുകയായിരുന്നു.



<ആ>‘ഇല്ല, ഞാൻ ഉത്തേജകം ഉപയോഗിച്ചിട്ടില്ല’

സി.കെ. രാജേഷ്കുമാർ

വിമർശനങ്ങൾ വിനയായി

കോട്ടയം: പ്രകടനം മെച്ചപ്പെടുത്താൻ ഉത്തേജകമരുന്ന് താൻ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലെന്ന് ഫീൽഡിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽപ്രതീക്ഷയായിരുന്ന ഷോട്ട്പുട്ട് താരം ദീപികയോടു പറഞ്ഞു. തനിക്കെതിരേ വ്യക്‌തമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. അത്ലറ്റിക്സ് അധികാരികൾക്കെതിരേയും മറ്റും താൻ നടത്തിയ വിമർശനങ്ങൾ തനിക്കുതന്നെ വിനയാവുകയായിരുന്നെന്ന് ഇന്ദർജിത് സിംഗ് പറഞ്ഞു. സത്യത്തിൽ ഗൂഢാലോചനയുടെ ഇരയാവുകയായിരുന്നു ഞാൻ. കാലങ്ങളായ ഞാൻ നൂറ്റെടുത്ത വലിയ സ്വപ്നമായിരുന്നു ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നത്. ലോകത്തിന്റെ ഏതു മൂലയിൽ മത്സരങ്ങളുണ്ടെങ്കിലും ഞാൻ വലുപ്പച്ചെറുപ്പമില്ലാതെ അതിൽപങ്കെടുക്കുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു അമ്പതു തവണയെങ്കിലും ഉത്തേജകപരിശോധനയ്ക്കു വിധേയനായിട്ടുണ്ട്. ഇതെന്നെ സംബന്ധിച്ച് ഞെട്ടിക്കുന്നതാണ്. ഒരിക്കലും ഉത്തേജകം ഉപയോഗിച്ചിട്ടില്ല. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണം. സഹായിക്കാൻ ആരുമില്ലാത്ത അവസ്‌ഥയാണിപ്പോൾ. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലും ആയിരക്കണക്കിനു പേർ പിന്തുണയുമായി വന്നു. എന്നാൽ, ഒളിമ്പിക്സിൽ പങ്കെടുക്കാനായില്ലെങ്കിൽ പിന്നെന്തു ഫലം. എന്തെങ്കിലും കൂടുതലായി പറയാൻ എനിക്കാവുന്നില്ല. ഒരു കായികതാരത്തിന്റെ പ്രതീക്ഷകൾ ആരൊക്കെ ചേർന്നു തകർത്തിരിക്കുകയാണ് –വളരെ വികാരാധീനനായി ഇന്ദർജിത് പറഞ്ഞു.

<ആ>നിറംമങ്ങിയ നക്ഷത്രം

ഇന്ദർജിത് സിംഗിന്റെ വീഴ്ച ഇന്ത്യൻ അത്ലറ്റിക്സ് ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. കേന്ദ്രസർക്കാർ സ്കീമായ ടാർജറ്റ് ഒളിമ്പിക് പോഡിയത്തിൽ പെടുത്തി വിദഗ്ധ പരിശീലനം നടത്തിയിരുന്ന ഇന്ദർജിത് താരപ്പകിട്ടിൽനിന്നാണ് താഴേക്കിറങ്ങുന്നത്.


ആറു കിലോഗ്രാം ഭാരമുള്ള മെറ്റൽബോൾ ഇന്ദർജിത്തിനെ സംബന്ധിച്ചു വലിയ ഭാരമല്ല. എന്നാൽ, ഇന്നനുഭവിക്കുന്ന അവഹേളനത്തിന്റെ ഭാരം താങ്ങാനാവുന്നില്ല. ഇന്ത്യയുടെ അത്ലറ്റിക് രംഗം ആകാംക്ഷയോടെ നോക്കിക്കാണുന്ന താരമാണ് ഇന്ദർജിത് സിംഗ്. ഷോട്ട്പുട്ടിൽ തുടർച്ചയായി അഞ്ചു തവണ 20 മീറ്ററിലേറെ ദൂരത്തേക്കു ഷോട്ട് പായിച്ച താരമാണ് ഇന്ദർജിത്. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ ഏഷ്യയിലെ ഒന്നാം സ്‌ഥാനത്തെത്താൻ ഈ ഹരിയാനക്കാരനായി. ലോകറാങ്കിംഗിൽ 14–ാം സ്‌ഥാനത്താണ് ഈ 27കാരൻ ഇപ്പോൾ.

ഓരോ മത്സരത്തിനും പങ്കെടുക്കാൻ പോകുമ്പോൾ സ്വന്തമായി സാമ്പത്തികം സംഘടിപ്പിക്കേണ്ട അവസ്‌ഥയാണ് ഒരുകാലത്ത് ഇന്ദർജിത്തിന്റേത്. എന്നാൽ, അദ്ഭുതപ്പെടുത്തുന്ന പ്രകടനം വന്നതോടെ നിരവധി സ്പോൺസർമാർ രംഗത്തെത്തി. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലിയും ലഭിച്ചു. അദാനി ഗ്രൂപ്പ് ഇന്ദർജിത് സിംഗിന്റെ രക്ഷയ്ക്കെത്തിയിരുന്നു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ, അഞ്ച് അന്താരാഷ്്ട്ര മെഡലുൾപ്പെടെ 15 മെഡലുകളാണ് ഹരിയാനയിലെ ഭിവാനി സ്വദേശിയായ ഇന്ദർജിത് വാരിക്കൂട്ടിയത്. ഇതിനിടെ, ഇന്ത്യയിൽനിന്ന് റിയോ ഒളിമ്പിക്സിനു യോഗ്യത നേടിയ ആദ്യ താരമാകാനും ഇന്ദർജിത്തിനായി.

കഴിഞ്ഞവർഷം മാംഗളുരുവിൽ അവസാനിച്ച ഫെഡറേഷൻ കപ്പിൽ 20.65 മീറ്റർ ദൂരത്തേക്ക് മെറ്റൽ ബോൾ എറിഞ്ഞ ഇന്ദർജിത് ദേശീയ റിക്കാർഡ് സ്വന്തം പേരിലാക്കിയാണ് അദ്ദേഹം ഒളിമ്പിക് ടിക്കറ്റ് സ്വന്തമാക്കിയത്.

പിന്നീട് ഏഷ്യൻ ഗ്രാൻപ്രീയിൽ മികച്ച പ്രകടനത്തോടെ സ്വർണം നേടിയ ഇന്ദർജിത് ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ(യൂണിവേഴ്സ്യാഡ്) സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി.

<ആ>തകർന്നതു വലിയ സ്വപ്നം

20.65 മീറ്റർ കണ്ടെത്തിയിട്ടുള്ള ഇന്ദർജിത്തിന് ഒളിമ്പിക്സിൽ ഒരു മെഡൽ അപ്രാപ്യമായിരുന്നില്ല. സമീപകാലത്തെ മികച്ച പ്രകടനങ്ങളെടുത്താൽ അതിൽ ഒന്നാമതെത്തിയത് അമേരിക്കയുടെ ജോ കോവാക്സിന്റെ 22.56 മീറ്ററാണ്. അതായത് ഒന്നര മീറ്ററോളം വ്യത്യാസം.

മൂന്നാം സ്‌ഥാനത്തുള്ള അമേരിക്കയുടെ ക്രിസ്റ്റ്യൻ കാൻഡെവെലിന്റെ പ്രകടനമാകട്ടെ, 21.64 മീറ്ററും. ഇന്ദർജിത്തുമായുള്ള വ്യത്യാസം ഒരു മീറ്ററിലും താഴെ. മികച്ച പരിശീലനവും അർപ്പണമനോഭാവവുമുള്ള ഏതൊരു അത്ലറ്റിലും സാധിക്കുന്ന കാര്യമാണ് ഈ ദൂരം മറികടക്കുക എന്നത്. എന്നാൽ, പുതിയ സംഭവവികാസത്തോടെ വലിയ ഒരു സ്വപ്നം തകർന്നതിന്റെ നിരാശയിലാണ്.

<ആ>കുടുംബാന്തരീക്ഷം

ഹരിയാനയിലെ ഭിവാനിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇന്ദർജിത്തിന്റെ താങ്ങും തണലുമായിരുന്ന അച്ഛൻ ഗുർദയാൽ സിംഗ് 2007ൽ മരിച്ചു. കോൾ കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഗുർദയാലിന്റെ പരിശ്രമമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് ഇന്ദർജിത് സിംഗ് ദീപികയോടു പറഞ്ഞു. അച്ഛൻ മരിച്ച ശേഷം തന്നെയും ജ്യേഷ്ഠൻ ജസ്വീന്ദർ സിംഗിനെയും മാതാവായ ദർശൻ കൗർ വളരെ കഷ്‌ടപ്പെട്ടാണ് പഠിപ്പിച്ചത്. തന്റെ വളർച്ചയ്ക്കു താങ്ങും തണലുമായി രോഗിണികൂടിയായ അമ്മ വർത്തിച്ചു. അച്ഛൻ മരിച്ചതിനേത്തുടർന്ന് സഹോദരന് അതേ കമ്പനിയിൽ ജോലി ലഭിച്ചു. തന്റെ പരിശീലനത്തിനും മറ്റുമുള്ള പണം കണ്ടെത്തുന്നത് ജ്യേഷ്ഠന്റെ വരുമാനംകൊണ്ടാണെന്ന് ഇന്ദർജിത് പറഞ്ഞു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഷോട്ട്പുട്ട് താരം ശക്‌തി സിംഗിന്റെ അനുജൻ പ്രീതം സിംഗിന്റെ കീഴിൽ ഭിവാനിയിലാണ് ഇന്ദർജിത്തിന്റെ പരിശീലനം.

<ആ>ഇന്ദർജിത് സിംഗ്

=ലോക യൂണിവേഴ്സിറ്റി ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം

=സമീപകാലത്ത് ഇന്ത്യക്കായി ഫീൽഡ് മത്സരങ്ങളിൽ സ്‌ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച താരം.

=പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ പരിശീലനക്കളരിയിൽ നിന്നും ഉയർന്നു വന്ന ഈ 27കാരൻ 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2015ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും സ്വന്തമാക്കി.

=2015 ജൂൺ 22ന് ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്ലറ്റിക്ക് ഗ്രാൻപ്രിയിൽ 19.83 മീറ്റർ എറിഞ്ഞ് സ്വർണനേട്ടം.

=2015 മെയിൽ നടന്ന 19–ാമത് ഫെഡറേഷൻ കപ്പിൽ 20.65 മീറ്റർ എറിഞ്ഞ് റിയോ ഒളിമ്പിക്സിനുള്ള യോഗ്യത.

=ദേശീയ ക്യാമ്പുകളിൽ പരിശീലനം നടത്താത്ത താരങ്ങളിലൊരാൾ. പരിശീലനം സ്വന്തം പരിശീലകനു കീഴിൽ.

=കായിക മന്ത്രായലത്തിന്റെ ടാർജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ ഭാഗമായി ഈ വർഷം ആദ്യം അമേരിക്കയിൽ പരിശീലനം നടത്തി.

=ആരെയും വകവയ്ക്കാത്ത ഇന്ദർജിത്തിന്റെ സ്വഭാവം വിമർശനവിധേയമായി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.