തിരുവനന്തപുരം: സംസ്‌ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. ആസൂത്രണ ബോർഡിലെ അനൗദ്യോഗിക അംഗങ്ങളായി മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഡോ.ടി. ജയരാമൻ, പ്രഫ.ആർ. രാമകുമാർ, ഡൽഹി ഐഐടിയിലെ ഡോ. ജയൻ ജോസ് തോമസ്, തിരുവനന്തപുരം സിഡിഎസിലെ ഡോ. കെ.എൻ. ഹരിലാൽ, കേരള സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.ബി. ഇക്ബാൽ, ന്യൂഡൽഹി നെഹ്റു മെമ്മോറിയൽ നാഷണൽ മ്യൂസിയം സീനിയർ ഫെലോ ഡോ.കെ. രവിരാമൻ, സിഡിഎസ് ഓണററി ഫെലോ ഡോ. മൃദുൽ ഈപ്പൻ എന്നിവരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ആസൂത്രണ ബോർഡ് വൈസ് ചെയർമാനായി ഡോ.വി.കെ. രാമചന്ദ്രനെ നേരത്തേ നിയമിച്ചിരുന്നു. മുഖ്യമന്ത്രിയാണ് ബോർഡ് ചെയർമാൻ. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ്, ഇ.ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരെയും നിയമിച്ചു. ചീഫ് സെക്രട്ടറിയും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ആസൂത്രണ ബോർഡിൽ സ്‌ഥിരം ക്ഷണിതാക്കളാണ്. ആസൂത്രണ സെക്രട്ടറി മെംബർ സെക്രട്ടറിയാകും.

ഡോ.കെ.എൻ. ഹരിലാലും ഡോ. മൃദുൽ ഈപ്പനും കഴിഞ്ഞ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും ഡോ.ബി. ഇക്ബാൽ 1996 ലെ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്തും ആസൂത്രണ ബോർഡ് അംഗങ്ങളായിരുന്നു. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ പ്രഫസറായ ഹരിലാൽ കേരളത്തിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും പ്ലാനിംഗ് കൺസൾട്ടന്റുമാണ്. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഓണററി ഫെലോ ആയ ഡോ. മൃദുൽ ഈപ്പൻ മുൻ കേന്ദ്ര ആസൂത്രണ കമ്മിഷൻ നിയോഗിച്ച വർക്കിംഗ് ഗ്രൂപ്പ് ഓഫ് ഫെമിനിസ്റ്റ്സ് ഇക്കണോമിസ്റ്റ്സിൽ അംഗമാണ്. ജൻഡർ പാർക്ക് ബോർഡിലും അംഗം. സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റെയ്നബിലിറ്റി സ്റ്റഡീസ് അധ്യക്ഷനാണ് ഡോ.ടി. ജയരാമൻ.


അഗ്രിക്കൾച്ചറൽ ഇക്കണോമിക്സിൽ എംഎസ്സി ബിരുദം നേടിയ പ്രഫ.ആർ. രാമകുമാർ സ്കൂൾ ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ ഡീൻ ആണ്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡി നേടി. ന്യൂഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രഫസർ ആയ ഡോ. ജയൻ ജോസ് തോമസ് മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് ആൻഡ് റിസർച്ചിൽ നിന്ന് ഡവലപ്മെന്റ് ഇക്കണോമിക്സിൽ പിഎച്ച്ഡി നേടി. പൊതുജനാരോഗ്യ പ്രവർത്തകനും അറിയപ്പെടുന്ന ന്യൂറോ സർജനുമായ ഡോ.ബി. ഇക്ബാൽ 1996– 2000ത്തിൽ ആസൂത്രണ ബോർഡ് അംഗമായിരിക്കെ ജനകീയാസൂത്രണ പ്രസ്‌ഥാനത്തിൽ മുഖ്യപങ്ക് വഹിച്ചു. കേരള സർവകലാശാലാ വൈസ് ചാൻസലറായും സേവനം അനുഷ്ഠിച്ചു.