സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ 11 ശതമാനം
ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം കുടുംബങ്ങളില്‍ 11 ശതമാനവും നയിക്കുന്നത് സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. സെന്‍സെസ് കമ്മീഷണര്‍ ഏറ്റവും പുതുതായി പുറത്തുവിട്ട 2011 ലെ സ്ഥിതിവിവര കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2.7 കോടി കുടംബങ്ങള്‍ പുലര്‍ത്തുന്നതിനുവേണ്ട പ്രാഥമിക വരുമാനം സമ്പാദിക്കുന്നത് സ്ത്രീകളാണ്.

പുരുഷന്മാര്‍ നയിക്കുന്ന കുടുംബങ്ങളുമായുള്ള ആനുപാതം 2001 നെ അപേക്ഷിച്ച് 2011 ല്‍ 0.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളുടെ ആനുപാതം ഇതേ കാലയളവില്‍ 0.5 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ഏകദേശം പകുതിയോളം കുടുംബങ്ങളിലും ഒരു ടെലിവിഷനും മൊബൈല്‍ ഫോണും ഉണ്ട്. ചുരുക്കം പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ കംപ്യൂട്ടറോ ടെലിഫോണോ ഉണ്ട്. സ്ത്രീകള്‍ നയിക്കുന്ന കുടുംബത്തേക്കാള്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ നയിക്കുന്ന കുടുംബങ്ങള്‍ അല്‍പം മുന്നിലാണ്.


ഉദാഹരണത്തിന് സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളില്‍ 16.1 ശതമാനത്തിനും റേഡിയോ ഉണ്െടങ്കില്‍ പുരുഷന്മാര്‍ നയിക്കുന്ന കുടുംബത്തില്‍ ഇത് 20.3 ശതമാനമാണ്. സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളില്‍ 2.5 ശതമാനത്തിന് ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറോ ലാപ്ടോപ്പോ ഉള്ളപ്പോള്‍ ഇത് പുരുഷന്മാര്‍ നയിക്കുന്ന കുടുംബത്തില്‍ 3.2 ശതമാനമാണ്.