ക്ഷീണം മാറി; ഇനി വളര്‍ച്ച കൂടുമെന്നു സാമ്പത്തിക സര്‍വേ
ക്ഷീണം മാറി; ഇനി വളര്‍ച്ച കൂടുമെന്നു സാമ്പത്തിക സര്‍വേ
Thursday, February 28, 2013 10:16 PM IST
ന്യൂഡല്‍ഹി: സാമ്പത്തികരംഗത്തു ക്ഷീണം മാറി. ഇനി വളര്‍ച്ചത്തോതു മെച്ചപ്പെടും: ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലെ സന്ദേശമതാണ്.ഈ മാര്‍ച്ചിലവസാനിക്കുന്ന വര്‍ഷം രാജ്യത്തു സാമ്പത്തിക (ജിഡിപി) വളര്‍ച്ച അഞ്ചു ശതമാനമായിരിക്കും എന്നു സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷം 6.2 ശതമാനമായിരുന്നു. അടുത്ത വര്‍ഷം വളര്‍ച്ച 6.1-6.7 ശതമാനമാകുമെന്നാണു പ്രതീക്ഷ. ആഗോള വളര്‍ച്ച മെച്ചപ്പെടുമെന്നും നല്ല കാലവര്‍ഷം കിട്ടുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഈ നിഗമനം.

കഴിഞ്ഞ വര്‍ഷത്തെ സര്‍വേ 2012-13 ലെ വളര്‍ച്ച ആറു ശതമാനത്തിനു മുകളിലാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചതാണ്. പക്ഷേ യാഥാര്‍ഥ്യം വളരെ താഴെയായിപ്പോയി.മാര്‍ച്ച് അവസാനത്തോടെ പൊതു വിലക്കയറ്റത്തോത് 6.2-6.6 ശതമാനമായി താഴുമെന്നാണു നിഗമനം. എന്നാല്‍ ഭക്ഷ്യവിലക്കയറ്റം കുറെ മാസങ്ങള്‍കൂടി ഇരട്ടക്കയത്തില്‍ തുടര്‍ന്നേക്കും.


ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. രഘുറാം രാജന്റെ നേതൃത്വത്തിലാണു സര്‍വേ തയാറാക്കിയത്. ധനമന്ത്രി പി. ചിദംബരം സര്‍വേ ലോക്സഭയില്‍ സമര്‍പ്പിച്ചു.ബജറ്റ് വരുമാനം കൂട്ടാന്‍ നികുതി അടിത്തറ വലുതാക്കാന്‍ സര്‍വേ നിര്‍ദേശിക്കുന്നു. നികുതി നിരക്കു കൂട്ടുന്നതിനെ സര്‍വേ അനുകൂലിക്കുന്നില്ല.

ചെലവു ചുരുക്കല്‍ മാത്രമല്ല കമ്മി കുറയ്ക്കല്‍ മാര്‍ഗം. നികുതി പിരിവ് കൂട്ടാം. ജിഡിപിയുടെ 9.9 ശതമാനമാണു കഴിഞ്ഞ വര്‍ഷം നികുതിയായി പിരിച്ചത്. ഇതു 11 ശതമാനത്തിനു മുകളിലാക്കണം. അതിനു നികുതിദായകരുടെ സംഖ്യ കൂട്ടണമെന്നു സര്‍വേ ആവശ്യപ്പെടുന്നു.കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വിദേശനാണ്യശേഖരം കാര്യമായി കുറഞ്ഞില്ല എന്നതില്‍ സര്‍വേ സംതൃപ്തി പ്രകടിപ്പിച്ചു. ഡിസംബര്‍ അവസാനം 29560 കോടി ഡോളറുണ്ട് വിദേശനാണ്യശേഖരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.